ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഇന്ത്യയുടെ തലസ്ഥാനമായി ഡല്‍ഹി തുടരണമോ എന്ന ചോദ്യവുമായി തരൂര്‍ രംഗത്തെത്തി. എക്‌സിലാണ് എംപിയുടെ പ്രതികരണം. രാജ്യതലസ്ഥാനത്തെ ഗുരുതര സാഹചര്യം എടുത്തുപറഞ്ഞാണ് ട്വീറ്റ്. ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡല്‍ഹി മാറിയെന്നും ഈ സാഹചര്യത്തില്‍ ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി തുടരണമോ എന്നും അദ്ദേഹം ചോദിക്കുന്നു.
2015 മുതൽ എംപിമാർ ഉൾപ്പെടെയുള്ള വിദഗ്‌ധർ ഇക്കാര്യത്തില്‍ പല പദ്ധതികളും കൊണ്ടു വന്നുവെങ്കിലും യാതൊരു മാറ്റവും കാണാനായില്ല. എയർ ക്വാളിറ്റി റൗണ്ട് ടേബിൾ ആവിഷ്‌കരിച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല, ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്താണ് എന്നും അദ്ദേഹം ചോദിച്ചു.
ലോകത്തിലെ ഏറ്റവും മലിനമായ രണ്ടാമത്തെ നഗരമായ ധാക്കയേക്കാൾ അഞ്ചിരട്ടി മോശമാണ് ഡല്‍ഹിയിലെ അവസ്ഥ. വായു ഗുണനിലവാര സൂചിക (എക്യൂഐ) ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹി എൻസിആര്‍ പുകയും പൊടിയുമായി നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഈ നഗരം പ്രധാനമായും നവംബർ മുതൽ ജനുവരി വരെ വാസയോഗ്യമല്ലാതെയാകുന്നു. ശൈത്യകാലത്ത് വായു മലിനീകരണത്തിൻ്റെ തോത് ലോക റാങ്കിങ്ങിൽ സ്ഥിരമായി ഒന്നാമതാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിൻ്റെ തലസ്ഥാനമായി ഡല്‍ഹി തുടരേണ്ടതുണ്ടോ? നമ്മുടെ സർക്കാർ വർഷങ്ങളായി ഈ പേടിസ്വപ്‌നത്തിന് സാക്ഷ്യം വഹിക്കുന്നു. ഇനിയും ഒന്നും ചെയ്യാതിരിക്കുന്നത് യുക്തിരഹിതമാണ് എന്നും തരൂര്‍ വിമര്‍ശിച്ചു.
തലസ്ഥാനത്ത് മലിനീകരണം രൂക്ഷമായതോടെ സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ തങ്ങളുടെ വയലുകളില്‍ കച്ച, വൈക്കോൽ എന്നിവ അനധികൃതമായി കത്തിക്കുന്നതാണ് പ്രധാന വെല്ലുവിളി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് വിമര്‍ശിച്ച് സുപ്രീം കോടതി