കേരളം

kerala

ETV Bharat / bharat

ശാസ്‌താവിന്‍റെ വിശിഷ്‌ട ക്ഷേത്രങ്ങളിൽ നാലാമത്തേതായ കുളത്തൂപ്പുഴയെപ്പറ്റി അറിയേണ്ടതെല്ലാം || ശരണപാത പരമ്പര, ഭാഗം-6 - KULATHUPUZHA BALA SASTHA TEMPLE

ശബരിമലയുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആറ് ശാസ്‌താ ക്ഷേത്രങ്ങളെക്കുറിച്ച് ജ്യോതിഷ വിശാരദന്‍ ആർ സ‍ഞ്ജീവ് കുമാർ എഴുതുന്ന ലേഖനം. തിരുവനന്തപുരം ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്‍റർ സ്ഥാപകനാണ് ലേഖകന്‍.

TEMPLES RELATED TO SABARIMALA  SABARIMALA PILGRIMAGE  KULATHUPUZHA TEMPLE  ശബരിമല തീര്‍ഥാടനം
sastha temple kulathupuzha (ETV Bharat)

By ETV Bharat Kerala Team

Published : Nov 19, 2024, 9:01 AM IST

ശാസ്‌താക്ഷേത്രങ്ങളെക്കുറിച്ചുള്ള ലേഖന പരമ്പരയില്‍ ഇക്കുറി ഏറെ വിശിഷ്‌ടമായ കുളത്തൂപ്പുഴയിലെ ക്ഷേത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാം. പരശുരാമന്‍ പ്രതിഷ്‌ഠിച്ച അഞ്ച് ശാസ്‌താക്ഷേത്രങ്ങളില്‍ ഒന്നായാണ് കുളത്തൂപ്പുഴ അറിയപ്പെടുന്നതെങ്കിലും ആധുനിക കാലത്ത് കൊട്ടാരക്കര രാജാക്കന്‍മാരിലാരോ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പറയുന്നു.

കല്ലടയാറിന്‍റെ പോഷകനദിയായ കുളത്തുപ്പുഴയാറിന്‍റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിലെ ബാലകനായാണ് അനാഹത ചക്രത്തിന്‍റെ സ്ഥിതി. ക്ഷേത്രത്തിന് മുന്നിലെ പുഴ ജീവിതത്തിന്‍റെ അവിരാമമായ തുടർച്ചയെ കാണിക്കുന്നു. ഇതിലെ വിശിഷ്‌ട മത്സ്യങ്ങൾ ദേവന്‍റെ പരിവാരങ്ങളായി അറിയപ്പെടുന്നു.

പിതൃദോഷത്തിന് മീനൂട്ട് വഴിപാട് പ്രാധാന്യം. ബാലകനായിട്ടാണു ശാസ്‌താവിന്‍റെ പ്രതിഷ്‌ഠ. തിരുവനന്തപുരം ചെങ്കോട്ട റൂട്ടിൽ വനത്തിനുള്ളിലാണ് കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രം. വീരമണികണ്‌ഠ സങ്കൽപം. എട്ട് ശിലകളുപയോഗിച്ചാണ് പ്രതിഷ്‌ഠ നിര്‍വഹിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രാമേശ്വരത്ത് നിന്നു വന്ന ഒരു ബ്രാഹ്മണന്‍റെ അനുഭവസാക്ഷ്യം ക്ഷേത്രപ്രതിഷ്‌ഠയ്ക്കു കളം ഒരുക്കി എന്ന് നാട്ടുമൊഴി. കുളത്തൂപ്പുഴയിലെ ബാലകനെ ദർശനം ചെയ്‌താല്‍ അനാഹതചക്രത്തിന്‍റെ ശക്തി വര്‍ധിക്കുന്നു. ശരിയായ ബോധം ലഭിക്കുന്നു.

ഈ പ്രപഞ്ചത്തിന്‍റെ മൂലസ്വരൂപം ഒന്നാണ് എന്ന ബോധ്യം വരുന്നു. സർവജീവികളുടെയും നിലനിൽപും ലക്ഷ്യവും എന്താണ് എന്ന് അയാൾക്ക് ബോധ്യമാകുന്നു. കുടിലവാസനകൾ വെടിഞ്ഞ് ശാന്തനാകുന്നു.

തന്‍റെ കർമത്തിൽ വ്യാപരിക്കാൻ തുടങ്ങുന്നു. ശനിദോഷത്താൽ ഉള്ള ബാലാരിഷ്‌ടതകൾ നീക്കുന്നു. പൂർവകർമദോഷം, പിതൃദോഷം എന്നിവ അകലുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് ക്ഷേത്രഭരണം. ഈ ക്ഷേത്രവും കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴ ശാസ്‌താവില്‍ ആകൃഷ്‌ടയായ ഒരു ജലകന്യയ്ക്ക് മത്സ്യരൂപത്തില്‍ ക്ഷേത്രത്തിന് മുന്നിലെ പുഴയില്‍ കഴിയാന്‍ ശാസ്‌താവ് അനുമതി നല്‍കിയതായി വിശ്വസിക്കപ്പെടുന്നു. കൊക്കളത്ത് മഠത്തിനാണ് ക്ഷേത്രത്തിന്‍റെ താന്ത്രികാവകാശം.

ഉഗ്രമൂര്‍ത്തിയും മംഗളപ്രദായകനുമായ കുളത്തൂപ്പുഴ ശാസ്‌താവിനൊപ്പം ശിവന്‍, യക്ഷി, വിഷ്‌ണു, ഗണേശന്‍, ഭൂതത്താന്‍, നാഗദൈവങ്ങള്‍, കറുപ്പ സ്വാമി തുടങ്ങിയവരും ഉപദേവതകളായി ക്ഷേത്രത്തില്‍ വാണരുളുന്നു.

കുളത്തൂപ്പുഴ ശാസ്‌താവിനെ പ്രകീര്‍ത്തിക്കുന്ന 'കുളത്തൂപ്പുഴയിലെ ബാലകനെ' എന്ന ഭക്തിഗാനം ഏറെ പ്രശസ്‌തമാണ്. തിരുമക്കള്‍ എന്ന മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിലൂടെ ചര്‍മരോഗങ്ങള്‍ അടക്കമുള്ളവയ്ക്ക് ശമനം ഉണ്ടാകുന്നുവെന്നും ഭക്തര്‍ വിശ്വസിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ മത്സ്യങ്ങളാണ് ക്ഷേത്രക്കുളത്തിലുള്ളത്. ഇവിടെ നിന്ന് മീനുകളെ പിടിക്കാന്‍ പാടില്ല.

മേടമാസത്തിലെ വിഷുവാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവ ദിനം. ശബരിമല മണ്ഡല-മകരവിളക്കുകാലത്തെ പ്രധാന ഇടത്താവളങ്ങളിലൊന്ന് കൂടിയാണ് കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ കുളത്തൂപ്പുഴ ദര്‍ശനം കൂടി നടത്തിയാണ് ശബരിമല അയ്യനെ വണങ്ങാനെത്തുന്നത്.

Also Read:ശാസ്‌താവിന്‍റെ വിശിഷ്‌ട ക്ഷേത്രങ്ങളിൽ മൂന്നാമത്തേത്; ആര്യങ്കാവ് ക്ഷേത്രത്തെപ്പറ്റി അറിയേണ്ടതെല്ലാം || ശരണപാത പരമ്പര, ഭാഗം-5

ABOUT THE AUTHOR

...view details