ന്യൂഡൽഹി : ഉത്തർപ്രദേശിലെ മഥുരയിലെ കൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാഹ് മസ്‌ജിദിന്‍റെ സർവേ നടത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2023 ഡിസംബർ 14ലെ ഉത്തരവിന് മേലുള്ള സ്‌റ്റേ സുപ്രീം കോടതി നീട്ടി. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് സ്‌റ്റേ നീട്ടിയത്.
കേസ് കൂടുതൽ വാദം കേൾക്കാൻ 2024 ഓഗസ്‌റ്റിലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്‌തു. ഹൈക്കോടതി ഉത്തരവിന്മേലുള്ള ഇടക്കാല സ്‌റ്റേ അടുത്ത ദിവസം വരെ തുടരുമെന്ന് ബെഞ്ച് പറഞ്ഞു. സുപ്രീം കോടതിയിൽ കൃഷ്‌ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട കക്ഷികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനും മസ്‌ജിദിന്‍റെ ഭാഗത്ത് നിന്നുള്ള കക്ഷികൾക്ക് വേണ്ടി അഭിഭാഷകൻ തസ്‌നീം അഹമ്മദിയുമാണ് ഹാജരായത്.