മുംബൈ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഫല സൂചനകള്‍ പുറത്തുവിടുന്നത് തുടരുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണി വൻ നേട്ടത്തില്‍. നിഫ്റ്റി 50 സൂചിക 95 പോയിന്‍റ് അഥവാ 0.39 ശതമാനം ഉയർന്ന് 24,308.75 പോയിന്‍റ് എന്ന നിലയിലെത്തി. സെൻസെക്‌സ് 295 പോയിന്‍റ് അഥവാ 0.37 ശതമാനം ഉയർന്നു. 79,771.82 പോയിന്‍റ് എന്ന നിലയിലാണ് സെൻസെക്‌സ് വ്യാപാരം ആരംഭിച്ചത്.
യുഎസ് തെരഞ്ഞെടുപ്പ് ലോകമെമ്പാടുമുള്ള വിപണികളെ അസ്ഥിരമാക്കുന്നുവെന്ന് വിപണി വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നേറ്റമാണ് ഇന്ത്യൻ ഓഹരി വിപണിയില്‍ നേട്ടത്തിന് കാരണമെന്ന് വിദഗ്‌ധര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓഹരി വിപണിയില്‍ വ്യാപാരം പുരോഗമിക്കുമ്പോള്‍ ലോഹം ഒഴികെ മറ്റെല്ലാ മേഖലകളിലെ സൂചികകളും ഗ്രീനിലാണ് വ്യാപാരം തുടരുന്നത്. എച്ച്സിഎൽ ടെക്, അപ്പോളോ ഹോസ്പിറ്റൽസ്, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, എൻടിപിസി തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ടൈറ്റൻ കമ്പനി, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്യുഎൽ തുടങ്ങിയവ നഷ്‌ടത്തിലാണ്. ഐടി മേഖലയില്‍ നിഫ്റ്റി 0.86 ശതമാനം കുതിച്ചുചാട്ടത്തോടെ നേട്ടത്തിൽ ഒന്നാമതെത്തി. ബാങ്കിങ് മേഖലയില്‍ 0.45 ശതമാനം ഉയർന്നു. നിഫ്റ്റി 50 ഓഹരികളുടെ പട്ടികയിൽ 38 ഓഹരികൾ നേട്ടത്തിലും 12 ഓഹരികൾ നഷ്‌ടത്തിലുമാണ്.
അതേസമയം, ഇന്ത്യ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 84.23 എന്ന നിലയിലെത്തി. സ്ഥിരമായ വിദേശ ഫണ്ട് ഒഴുക്കും വിദേശ വിപണിയിലെ അമേരിക്കൻ കറൻസി ശക്തിപ്പെടുന്നതുമാണ് ഇന്ത്യൻ രൂപയുടെ മൂല്യം കുറയാൻ കാരണം. കഴിഞ്ഞ ദിവസം ഓഹരി വിപണി നഷ്‌ടത്തിലായിരുന്നു.
Read Also: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വൻ മുന്നറ്റം; ലീഡ് തിരിച്ചുപിടിക്കാൻ കമല, തത്സമയ ഫലം അറിയാം!