ന്യൂഡൽഹി:മുതിർന്ന മാധ്യമപ്രവർത്തകനും മീഡിയ എക്‌സിക്യൂട്ടീവും എഴുത്തുകാരനുമായ ഉമേഷ് ഉപാധ്യായ (64) അന്തരിച്ചു. തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ചിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഇന്നലെ (സെപ്‌റ്റംബർ 1) രാവിലെ ആയിരുന്നു സംഭവം.
'വീട് പുതുക്കിപ്പണിയുന്നത് സന്ദർശിക്കുന്നതിനിടെ ഇന്നലെ രാവിലെ 10.30നാണ് അപകടമുണ്ടായത്. നാലാമത്തെ നിലയിൽ നിന്ന് അദ്ദേഹം രണ്ടാം നിലയിലേക്ക് വീഴുകയായിരുന്നു' എന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഉമേഷ് ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
മുൻ ഡൽഹി ബിജെപി അധ്യക്ഷൻ സതീഷ് ഉപാധ്യായയുടെ മൂത്ത സഹോദരനാണ് മരണപ്പെട്ട ഉമേഷ് ഉപാധ്യായ. മാധ്യമപ്രവർത്തകന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'ഡിജിറ്റൽ മീഡിയയിലും ടെലിവിഷൻ രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകിയ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഉമേഷ് ഉപാധ്യായ ജിയുടെ വിയോഗത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗം പത്രലോകത്തിന് നികത്താനാകാത്ത നഷ്‌ടമാണ്. ഈ ദുഃഖത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു' എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മൂത്ത സഹോദരൻ ഉമേഷ് ഉപാധ്യായ മരണത്തിന് കീഴടങ്ങിയതായി എൻഡിഎംസി വൈസ് ചെയർമാൻ സതീഷ് ഉപാധ്യായ അറിയിച്ചു. അദ്ദേഹത്തിന്‍റെ മരണത്തിൽ നിയമനടപടികൾ ആരംഭിച്ചതായും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.
ടെലിവിഷന്‍ രംഗത്തും ഡിജിറ്റല്‍ മീഡിയ രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഉമേഷ് ഉപാധ്യായ. ടെലിവിഷന്‍ ജേണലിസത്തിന്‍റെ ആദ്യനാളുകളില്‍ തന്നെ അദ്ദേഹം ആ രംഗത്ത് ശ്രദ്ധേയനായി. അദ്ദേഹത്തിന്‍റെ ‘വെസ്‌റ്റേണ്‍ മീഡിയ നറേറ്റീവ്‌സ് ഓണ്‍ ഇന്ത്യ – ഗാന്ധി ടു മോദി’ എന്ന പുസ്‌തകം വിദേശ മാധ്യമങ്ങളുടെ ഭാരത വിരുദ്ധ അജണ്ട തുറന്ന് കാട്ടുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്‌തകമാണ്. ആര്‍എസ്എസ് പ്രചാര്‍ വിഭാഗിലെ അഖില ഭാരതീയ ടോളി അംഗമാണ് അദ്ദേഹം. 1959-ൽ മഥുരയിൽ ജനിച്ച ഉമേഷ് ഉപാധ്യായ 1980കളുടെ തുടക്കത്തിലാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്.