ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷന്‍റെ (എൻസിപിസിആര്‍) ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 2004 ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്‌ട് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്‌തുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യ വിവിധ സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണെന്നും അത് അങ്ങനെ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. മതേതരത്വം എന്നത് ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണെന്നും കോടതി ഊന്നിപ്പറഞ്ഞു. മദ്രസ വിദ്യാഭ്യാസത്തിന് മാത്രം എന്തിനാണ് ഇത്ര ആശങ്കയെന്ന് ചോദിച്ച സുപ്രീം കോടതി മറ്റ് മതവിഭാഗങ്ങള്‍ക്കും ഇതു ബാധകമാണോ എന്നും ചോദിച്ചു.
സന്യാസി മഠങ്ങളില്‍ കുട്ടികളെ അയക്കുന്നില്ലേ എന്നും, മതപഠനം പാടില്ല എന്നാണോ നിലപാടെന്നും മറ്റ് മതസ്ഥാപനങ്ങൾ നിരോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടോ എന്നും ബാലാവകാശ കമ്മിഷനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കോടതി ചോദിച്ചു.
ദേശീയ ബാലാവകാശ കമ്മിഷൻ മതപ്രബോധനത്തിന് എതിരല്ലെന്നും എന്നാൽ മതപരമായ പഠനം നിർബന്ധമാക്കേണ്ടതില്ലെന്ന നിലപാടിലാണെന്നും യുപി സര്‍ക്കാരിന് ഹാജരായ അഭിഭാഷകൻ പറഞ്ഞു. മതവിദ്യാഭ്യാസത്തെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസവുമായി കൂട്ടിയിണക്കരുതെന്ന് ബാലാവകാശ കമ്മിഷൻ കോടതിയില്‍ വാദിച്ചു.
മദ്രസകളിൽ പോകുന്ന കുട്ടികൾ മാന്യമായി ജീവിക്കില്ല എന്ന വാദമാണോ എൻസിപിസിആർ ഉന്നയിക്കുന്നതെന്നും മദ്രസകളിൽ പഠിപ്പിക്കുന്ന മുഴുവൻ സിലബസും എൻസിപിസിആർ പഠിച്ചിട്ടുണ്ടോ എന്നും ജസ്‌റ്റിസ് ജെ ബി പർദിവാല ചോദിച്ചു.