ന്യൂഡൽഹി:അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ തുടർന്ന് അമേരിക്ക. 119 ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുള്ള ഒരു വിമാനം ഇന്ന് അമൃത്സറിൽ എത്തും. 10 മണിയോടെ വിമാനമെത്തുമെന്നാണ് സൂചന. 119 പേരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും, ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവുമാണുള്ളത്.
മറ്റൊരു യുഎസ് സൈനിക ഗതാഗത വിമാനമായ സി-17 ഗ്ലോബ്‌മാസ്റ്റർ III ഫെബ്രുവരി 16 ന്, 119 യാത്രികരുമായി അമൃത്സറിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടത്തിൽ 104 പേരെ ഇത്തരത്തിൽ നാടുകടത്തിയിരുന്നു. സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് പൗരന്മാരെ തിരിച്ചയച്ചതിൽ വലിയ തോതിൽ പ്രതിഷേധവും ഉയർന്നിരുന്നു.
കുടിയേറ്റം ഉൾപ്പെടെയുള്ള പ്രധാന ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിഅമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാംഘട്ട നാടുകടത്തൽ. എല്ലാ അനധികൃത കുടിയേറ്റക്കാരെയും അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതുവരെ ഓരോ ആഴ്‌ചയും നാടുകടത്തൽ തുടരുമെന്ന് അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക