കര്‍ണാടക:ഷിരൂരിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ താത്‌കാലികമായി അവസാനിപ്പിച്ചു. കനത്ത മഴ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായതാണ് തെരച്ചില്‍ നിര്‍ത്തിവയ്‌ക്കാന്‍ കാരണം. നാളെ (ജൂലൈ 21) രാവിലെ 6 മണിയോടെ തെരച്ചില്‍ പുനരാരംഭിക്കും.
മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ സ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. കനത്ത മഴ തെരച്ചിലിനെ ബാധിച്ചു. കേരളത്തില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള സംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍. നാളെയും അവര്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍ മലയാളി യുവാവ് അര്‍ജുന്‍ അടക്കം പത്ത് പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലുണ്ടായ മേഖലയിലും തൊട്ടടുത്തുള്ള ഗംഗാവലി പുഴയിലുമാണ് തെരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ അഞ്ച് ദിവസമായി ഊര്‍ജിതമായി തന്നെ തെരച്ചില്‍ ദൗത്യം തുടരുകയാണെന്ന് നേരത്തെ സ്ഥലം സന്ദര്‍ശിച്ച മന്ത്രി മങ്കല്‍ വൈദ്യ പറഞ്ഞു. താന്‍ മൂന്ന് ദിവസമായി അവിടെ ക്യാമ്പ് ചെയ്യുകയാണ്.