പട്‌ന: സർക്കാർ സ്‌കൂൾ അധ്യാപകർക്കും ജീവനക്കാർക്കും ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ബിഹാർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. അധ്യാപകരോടും അനധ്യാപക ജീവനക്കാരോടും സ്‌കൂൾ സമയങ്ങളിൽ ഔപചാരിക വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ടാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഡ്രസ് കോഡ് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്‌ടർ (അഡ്‌മിനിസ്‌ട്രേഷൻ) സുബോധ് കുമാർ ചൗധരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നോട്ടിസ് നൽകി.
സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാലിക്കേണ്ട ചട്ടങ്ങളെ സംബന്ധിച്ച് നേരത്തെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും അവ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് നോട്ടിസിൽ പറയുന്നു. അധ്യാപകരും അനധ്യാപക ജീവനക്കാരും സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തുന്നത് സ്ഥാപനത്തിന്‍റെ സംസ്‌കാരത്തിന് യോജിക്കാത്ത വസ്ത്രധാരണത്തിലാണെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടി.