ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കണ്ടെത്താനുള്ള പാനലിൽ നിന്ന് ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്യുന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. ഇക്കാര്യത്തില്‍ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന എൻജിഒ നല്‍കിയ ഹർജി മാർച്ച് 15 ന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ആരോഗ്യകരമായ ജനാധിപത്യം നിലനിർത്താൻ രാഷ്ട്രീയ, എക്‌സിക്യുട്ടീവ് ഇടപെടലുകളിൽ നിന്ന് തെരഞ്ഞെടുപ്പ് പാനൽ വിട്ടുനില്‍ക്കേണ്ടതുണ്ടെന്ന് ഹര്‍ജിയില്‍ എന്‍ജിഒ ചൂണ്ടിക്കാട്ടുന്നു (SC to Hear Plea of NGO on Appointment of EC).
മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ആണ് എന്‍ജിഒയ്‌ക്കുവേണ്ടി ഹാജരായത്. അദ്ദേഹം തന്‍റെ വാദങ്ങൾ ജസ്‌റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ഹർജി അടിയന്തരമായി ലിസ്‌റ്റ് ചെയ്യണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഹര്‍ജി വെള്ളിയാഴ്‌ച ലിസ്‌റ്റ് ചെയ്യുമെന്ന് കോടതി അറിയിച്ചത്. കേസ് വെള്ളിയാഴ്‌ച ലിസ്‌റ്റ് ചെയ്യുമെന്ന് ചീഫ് ജസ്‌റ്റിസിൽ നിന്ന് തനിക്ക് അറിയിപ്പ് ലഭിച്ചതായി ജസ്‌റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
ഹര്‍ജിയിലൂടെ, പാനലില്‍ നിന്ന് ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ സാധുതയെ എന്‍ജിഒ വെല്ലുവിളിക്കുകയും, ഇതുമായി ബന്ധപ്പെട്ട 2023 ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആന്‍റ് അദർ ഇലക്ഷൻ കമ്മീഷണർ നിയമത്തിലെ സെക്ഷൻ 7 സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്‌തു. ജനാധിപത്യം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഒരു വശമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും, രാജ്യത്ത് ആരോഗ്യകരമായ ജനാധിപത്യം നിലനിർത്തുന്നതിനും, തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ / എക്‌സിക്യുട്ടീവ് ഇടപെടലിൽ നിന്ന് അകറ്റി നിർത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പുതിയ നിയമത്തിന് കീഴിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ഘടന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമനത്തിൽ എക്‌സിക്യുട്ടീവിൻ്റെ അമിതമായ ഇടപെടലിന് തുല്യമാണെന്നും, ഇത് തെരഞ്ഞെടുപ്പ് പാനലിൻ്റെ സ്വാതന്ത്ര്യത്തിന് ഹാനികരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.