ന്യൂഡല്‍ഹി:നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്‌ട്രപതിക്ക് വിട്ട നടപടി ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും കേരള, പശ്ചിമബംഗാള്‍ ഗവര്‍ണര്‍മാരോടും വിശദീകരണം തേടി സുപ്രീംകോടതി. ഇരു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടിസ് അയച്ചു. ഇതിനിടെ പിടിച്ച് വച്ചിരുന്ന ചില ബില്ലുകള്‍ രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് അയക്കുകയും ചെയ്‌തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെബി പര്‍ദിവാലയും മനോജ് മിശ്രയും ഉള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇരു ഗവര്‍ണര്‍മാരുടെ സെക്രട്ടറിമാര്‍ക്കും നോട്ടിസ് നല്‍കിയത്.
എട്ട് മാസമായി ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച ബില്ലുകള്‍ പിടിച്ച് വച്ചിരിക്കുന്നുവെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിനെ ബോധിപ്പിച്ചു. ഗവര്‍ണറെ മറികടന്ന് ബില്ലുകള്‍ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതിയുടെ പരിഗണന വിഷയങ്ങളായി ഈ കേസുകള്‍ വരുമ്പോഴെല്ലാം ഗവര്‍ണര്‍ ഇത് രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാറുണ്ടെന്ന് പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് സിംഗ്വിയും ജയ്‌ദീപ് ഗുപ്‌തയും ചൂണ്ടിക്കാട്ടി. ബില്ലുകള്‍ ഇങ്ങനെ പിടിച്ച് വയ്ക്കുന്ന കാര്യത്തില്‍ ചില ചോദ്യങ്ങള്‍ക്കുള്ള സാധ്യതകളുണ്ടോയെന്ന് അഭിഭാഷകരോട് കോടതി ആരാഞ്ഞു. അങ്ങനെയെങ്കില്‍ തങ്ങള്‍ക്കായി കുറച്ച് ചോദ്യങ്ങള്‍ തയാറാക്കാനും അവയുടെ അടിസ്ഥാനത്തില്‍ നോട്ടിസ് നല്‍കാമെന്നും കോടതി പറഞ്ഞു.
തങ്ങള്‍ ബില്ലുകള്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനായാണ് ബില്ലുകള്‍ പിടിച്ച് വച്ചിരിക്കുന്നതെന്നും എന്നാല്‍ അക്കാര്യത്തില്‍ ഔദ്യോഗിക ആശയവിനിമയം നടന്നിട്ടില്ലെന്നും ഗവര്‍ണറുടെ ഓഫിസ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതൊരു നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നായിരുന്നു സിംഗ്വിയുടെ പ്രതികരണം. നേരത്തെ തമിഴ്‌നാട് പ്രശ്‌നത്തിലും ഇത് തന്നെയാണ് നടന്നത്. താന്‍ പരാതി നല്‍കിയപ്പോള്‍ രണ്ട് ബില്ലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കി. കോടതി കേസ് പരിഗണിച്ച അടുത്ത ദിവസം ഒരെണ്ണം രാഷ്‌ട്രപതിക്ക് അയച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.