ന്യൂഡൽഹി:മണിപ്പൂരിലെ ഇന്നർ ലൈൻ പെർമിറ്റ് (ഐഎൽപി) സംവിധാനത്തെ ചോദ്യം ചെയ്യുന്ന ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് എട്ടാഴ്‌ചത്തെ സമയം അനുവദിച്ച് സുപ്രീംകോടതി. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറാം എന്നിവയ്ക്ക് ശേഷം ഐഎൽപി ഭരണം ബാധകമായ നാലാമത്തെ സംസ്ഥാനമാണ് മണിപ്പൂർ. ഐഎൽപി ഭരണ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ, രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും വിദേശികൾക്കും അനുമതി ആവശ്യമാണ്.
വിഷയത്തില്‍ മറുപടി നല്‍കാൻ മണിപ്പൂർ സർക്കാരിന്‍റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജസ്‌റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന് സമയം അനുവദിച്ചത്. 'അമ്ര ബംഗലീ' എന്ന സംഘടന സമർപ്പിച്ച ഹർജിയിൽ 2022 ജനുവരി 3ന് സുപ്രീംകോടതി കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും നോട്ടീസ് അയച്ചിരുന്നു.
സ്വദേശികളല്ലാത്തവരും മണിപ്പൂരിൽ സ്ഥിരതാമസക്കാരല്ലാത്തവരും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിയന്ത്രിക്കാൻ ഐഎൽപി സംസ്ഥാനത്തിന് അനിയന്ത്രിതമായ അധികാരം നൽകുന്നുവെന്ന് സംഘടന ഹർജിയിൽ വാദിച്ചു.