ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്ന് സുപ്രീം കോടതി. ബിജെപിയുടെ മനോജ് കുമാർ സോങ്കർ വിജയിച്ച തെരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പറില്‍ തിരിമറി നടത്തിയെന്നത് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു(SC Cancels Chandigarh Mayor Election).
ഇത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നതിന് തുല്യമാണെന്നും തങ്ങൾക്ക് ആശങ്കയുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. തിരിമറി നടത്തിയ പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റം ക്യാമറയിൽ കണ്ട് കോടതി അമ്പരന്നെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു. എന്തിനാണ് ഇയാൾ ക്യാമറയിലേക്ക് നോക്കി പിടികിട്ടാപുള്ളിയെപ്പോലെ ഓടുന്നതെന്നും അദ്ദേഹം ചോദിച്ചു (Chandigarh Mayor Election).
മേയർ തെരഞ്ഞെടുപ്പിൻ്റെ മുഴുവൻ രേഖകളും പിടിച്ചെടുക്കണമെന്നും അവ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ രജിസ്ട്രാറുടെ കൈവശം സൂക്ഷിക്കണമെന്നും, ബാലറ്റുകളും വീഡിയോ ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിൽ രേഖകൾ കൈവശമുള്ള ചണ്ഡീഗഡ് യുടി ഡെപ്യൂട്ടി കമ്മീഷണർ അവ ഉടന്‍ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു (Ballot Papers Defaced).