ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും കമ്മീഷന് സമര്‍പ്പിച്ചതായി സുപ്രീം കോടതിയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ആല്‍ഫാ ന്യൂമെറിക് നമ്പര്‍ അടക്കം എല്ലാം സമര്‍പ്പിച്ചതായും എസ്‌ബിഐ വ്യക്തമാക്കി. കടപ്പത്രങ്ങള്‍ വാങ്ങിയവരുടെ വിവരങ്ങള്‍, കടപ്പത്രങ്ങളുടെ നമ്പരുകള്‍, തുക കടപ്പത്രങ്ങള്‍ പണമാക്കി മാറ്റിയ രാഷ്‌ട്രീയ കക്ഷികളുടെ പേര്, രാഷ്‌ട്രീയ കക്ഷികളുടെ ബാങ്ക് അക്കൗണ്ടിന്‍റെ അവസാന നാല് അക്കങ്ങള്‍, തുടങ്ങിയവ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എസ്‌ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖര നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു (SBI Furnished All Details Of Electoral Bonds To EC).
പൂര്‍ണ അക്കൗണ്ട് നമ്പരുകളും കെവൈസി വിശദാംശങ്ങളും ഒഴികെ എല്ലാം സമര്‍പ്പിച്ചിട്ടുണ്ട്. സുരക്ഷ പരിഗണന മൂലമാണ് ഇവ വെളിപ്പെടുത്താത്തത് എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്‌ട്രീയ കക്ഷികളെ തിരിച്ചറിയാന്‍ അത് അത്യാവശ്യമല്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പക്കലുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.