ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം ഏകതാ ദിനമായി ആചരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോൺഗ്രസിന്‍റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേരയാണ് ആർഎസ്എസിനെയും ബിജെപിയെയും പരിഹസിച്ച് രംഗത്തെത്തിയത്. സർദാർ പട്ടേൽ സംഘികളെ നിയന്ത്രിച്ചിരുന്നുവെന്നും അതിനാൽ ഇന്ന് എല്ലാ സംഘികളും ജീവതകാലം മുഴുവൻ കോൺഗ്രസുകാരനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ മുന്നിൽ തലകുനിക്കാൻ നിർബന്ധിതരായെന്നും പവൻ ഖേര വിമര്‍ശിച്ചു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ സംഘികൾ സർദാർ സാഹിബിനെതിരെ പുസ്‌തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്‌തിരുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച പോസ്‌റ്റില്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷികത്തിൽ കോൺഗ്രസ് അദ്ദേഹത്തെ അനുസ്‌മരിച്ചു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും ബിജെപിയെയും ആര്‍എസ്‌എസിനെയും രൂക്ഷമായി വിമര്‍ശിച്ചു.
ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർക്കുകയും ഭരണഘടനയെ വിമർശിക്കുകയും ചെയ്‌ത 'പ്രത്യയശാസ്ത്രത്തിന്‍റെ ഗുരുക്കൻമാര്‍' ഇന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രം തങ്ങള്‍ക്ക് അനുയോജ്യമാക്കുന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു.
സ്വതന്ത്ര ഇന്ത്യയെ സമ്പൂർണ രാജ്യമാക്കിയ ഇന്ത്യയുടെ ഉരുക്കുമനുഷ്യനും രാജ്യത്തിന്‍റെ പ്രഥമ ഉപപ്രധാനമന്ത്രിയും മുൻ കോൺഗ്രസ് പ്രസിഡന്‍റും നമ്മുടെ ആരാധനാപാത്രവുമായ സർദാർ വല്ലഭായ് പട്ടേലിനെ അദ്ദേഹത്തിന്‍റെ ജന്മവാർഷികത്തിൽ സ്‌മരിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പട്ടേലിന്‍റെ വ്യക്തിത്വവും ചിന്തകളും രാഷ്ട്രത്തെ സേവിക്കാൻ വരും തലമുറകളെ എപ്പോഴും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.