ഷില്ലോങ്: 2047ഓടെ വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാടാണ് ഇത്തവണത്തെ ബജറ്റില്‍ പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍. അടുത്ത 25 വര്‍ഷം കൊണ്ട് ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന വിഷയത്തില്‍ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സര്‍ബാനന്ദ് സോനോവാള്‍.
2047ലേക്കുള്ള ഇന്ത്യ എന്ന കാഴ്‌ചപ്പാടോടെ പ്രധാനമന്ത്രി എന്തെല്ലാമാണ് ഈ ബജറ്റില്‍ ചെയ്‌തിരിക്കുന്നതെന്ന് നമുക്ക് കാണാനാകും. രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും വേണ്ടിയാണ് അദ്ദേഹം ഇതിന് രൂപം നല്‍കിയിരിക്കുന്നത്. കാല്‍ നൂറ്റാണ്ട് കൊണ്ട് ഇന്ത്യയെ സ്വയംപര്യാപ്‌ത രാജ്യമാക്കുക (ആത്മനിര്‍ഭര്‍ ഭാരത്) എന്നതാണ് ലക്ഷ്യം.
ഇത് പ്രായോഗികമായി തികച്ചും സാധ്യമാണ്. ലോകത്ത് 11ാമത് ആയിരുന്ന നമ്മുടെ സമ്പദ്ഘടന പത്ത് വര്‍ഷം കൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരില്‍ ഇത് ഉണ്ടാക്കിയിട്ടുള്ള ആത്മവിശ്വാസം ചെറുതല്ല. ഇന്ത്യന്‍ സമൂഹത്തിന്‍റെ കഴിവും ശക്തിയും ആത്മാര്‍പ്പണവും പ്രതിബദ്ധതയുമെല്ലാം ഇത് ഉയര്‍ത്തിക്കാട്ടുന്നു.
ഇന്ത്യ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ്. ലോകബാങ്കും രാജ്യാന്തര നാണ്യനിധിയുമടക്കമുള്ള ലോക സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തലാണിത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ലോകത്തെ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകുക എന്നതാണ് നമ്മുടെ ലക്ഷ്യം.