കേരളം

kerala

ETV Bharat / bharat

'മോദിയുടെ സന്ദർശനത്തിന് ബിജെപിയാണ് പണം നൽകേണ്ടത്'; പ്രധാനമന്ത്രിയുടെ മുംബൈ സന്ദര്‍ശനത്തിനെതിരെ സഞ്ജയ് റാവത്ത് - Sanjay Raut against PM mumbai Visit

പ്രധാനമന്ത്രി പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയതെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി സഞ്‌ജയ് റാവത്ത് ആരോപിച്ചു.

By ETV Bharat Kerala Team

Published : Apr 1, 2024, 7:24 PM IST

SANJAY RAUT  PM MODI MUMBAI VISIT  MODEL CODE OF CONDUCT  LOK SABHA ELECTION 2024
SANJAY RAUT AGAINST PM MUMBAI VISIT

മുംബൈ : സർക്കാർ ചെലവിൽ മുംബൈ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയതെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി സഞ്‌ജയ് റാവത്ത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മോദി ഇപ്പോൾ പ്രധാനമന്ത്രി അല്ലെന്നും റാവത്ത് പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സർക്കാർ ചെലവിലാണ് മോദി മുംബൈയിൽ വരുന്നതെങ്കിൽ അത് പെരുമാറ്റച്ചട്ട ലംഘനമാണ്. അതിനാൽ നടപടിയെടുക്കണം. മോദിയുടെ സന്ദർശനത്തിന് ബിജെപിയാണ് പണം നൽകേണ്ടത്. ബിജെപി രാജ്യത്തെ ഏറ്റവും വലിയ അഴിമതി പാർട്ടിയാണ്'-മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സഞ്‌ജയ് റാവത്ത് പറഞ്ഞു.

അഴിമതിക്കാരായ നേതാക്കളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി മോദി ഉറക്കെ പറയുകയാണ്. എന്നാൽ, പ്രഫുൽ പട്ടേലും ഹസൻ മുഷ്‌രിഫും പോലെ അഴിമതി ആരോപണം ഉയര്‍ന്ന നിരവധി പേരുണ്ട്. അവര്‍ക്കെതിരെ ഇഡി അന്വേഷണം നടത്തി. അവർ ബിജെപിയിൽ ചേർന്നപ്പോൾ എല്ലാ കേസുകളും തീര്‍ന്നു. അന്വേഷണം അവസാനിപ്പിച്ചു. അപ്പോള്‍, അഴിമതിക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മോദി പറയണമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു.

ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാക്കാത്തതിനെയും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. 'ഇലക്‌ടറല്‍ ബോണ്ടില്‍ ബിജെപി അഭിപ്രായം പറയണം. ഇതിൽ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്. അവർക്കാണ് ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത്. അവരാണ് മറ്റുള്ളവരുടെ മേല്‍ അഴിമതി ആരോപിക്കുന്നത്. ബിജെപി എല്ലാവരെയും വിഡ്ഢികളാക്കുകയാണ്. ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതി പാർട്ടി'- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് ശേഷം മോദി ഒരു ആക്‌ടിങ് പ്രധാനമന്ത്രി മാത്രമാണെന്നും എന്നാൽ അദ്ദേഹം ഇപ്പോഴും പര്യടനങ്ങൾക്കായി സർക്കാർ ഹെലികോപ്റ്ററുകളും വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു. 25 കോടി രൂപയാണ് മോദിയുടെ ഒരു സന്ദർശനത്തിന് ചെലവ്. പ്രധാന മന്ത്രിയുടെ സന്ദർശനത്തിന്‍റെ പേരിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് ഏറ്റവും വലിയ അഴിമതിയെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദിയും അമിത് ഷായും ചേര്‍ന്ന് മുംബൈ വിറ്റതായി റാവത്ത് ആരോപിച്ചു. ധാരാവി അവരുടെ സുഹൃത്തായ ഗൗതം അദാനിക്ക് വിറ്റു. മുംബൈയിലെ പല പ്ലോട്ടുകളും വിറ്റു. മുംബൈയിലെ പല വ്യവസായങ്ങളും ഗുജറാത്തിലേക്ക് പലായനം ചെയ്‌തു. ഇനി എന്താണ് ഇവിടെ നിന്ന് മോദിക്ക് വില്‍ക്കാനുള്ളത് എന്നും റാവത്ത് ചോദിച്ചു. മുംബൈയിലെ ജനങ്ങൾ ബിജെപിയെ തകർക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Also Read :തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം; പശ്ചിമ ബംഗാളിൽ നിന്ന് ലഭിച്ചത് 1.91 ലക്ഷത്തിലധികം പരാതികൾ - Model Code Of Conduct Violation

ABOUT THE AUTHOR

...view details