കേരളം

kerala

ETV Bharat / bharat

നീറ്റിന്‍റെ പരിശുദ്ധിയില്‍ നീറ്റുന്ന ചോദ്യങ്ങളുമായി സുപ്രീം കോടതി; വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ ഉത്തരവ് - Sanctity of NEET UG - SANCTITY OF NEET UG

നീറ്റ് യുജി പരീക്ഷകളില്‍ എന്‍ടിഎയുടെ നേര്‍ക്ക് ചോദ്യശരങ്ങളുമായി സുപ്രീം കോടതി. എന്‍ടിഎ വിവരങ്ങള്‍ കൈകാര്യം ചെയ്‌ത രീതിയിലും ചോദ്യങ്ങള്‍

NEET UG PAPER LEAK  NEET SUPREME COURT  NTA  NEET PAPER LEAK SCAM
സുപ്രീം കോടതി (ETV Bharat)

By ETV Bharat Kerala Team

Published : Jul 18, 2024, 5:00 PM IST

Updated : Jul 18, 2024, 5:11 PM IST

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സിക്ക് നേരെ ചോദ്യശരങ്ങളുമായി സുപ്രീം കോടതി. ഒരു വിദ്യാര്‍ഥിക്ക് വേണ്ടി രജിസ്ട്രേഷന്‍ വിന്‍ഡോ തുറന്ന് നല്‍കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ 15000 പുതിയ രജിസ്ട്രേഷന് അനുമതി നല്‍കിയതിനെക്കുറിച്ച് എന്‍ടിഎയോട് സുപ്രീം കോടതി വിശദീകരണം തേടി.

ഓരോ പരീക്ഷ കേന്ദ്രങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. പരീക്ഷ കേന്ദ്രങ്ങളുടെയും സംസ്ഥാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഫലം വെള്ളിയാഴ്‌ച വൈകിട്ടോടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിദ്യാര്‍ഥികളുടെ വ്യക്തിപരമായ വിവരങ്ങള്‍ മറച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പതിനയ്യായിരം വിദ്യാര്‍ഥികള്‍ തെറ്റുതിരുത്തല്‍ വിന്‍ഡോ ഉപയോഗിച്ചെന്ന് എന്‍ടിഎ തന്നെ വ്യക്തമാക്കിയതാണെന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ പതിനയ്യായിരത്തില്‍ എത്ര പേര്‍ പരീക്ഷ കേന്ദ്രത്തില്‍ മാറ്റം വരുത്തിയെന്നും കോടതി ആരാഞ്ഞു. എത്ര ദിവസം ഈ കറക്ഷന്‍ വിന്‍ഡോ ലഭ്യമായിരുന്നെന്നും കോടതി ചോദിച്ചു. ഈ തെറ്റുതിരുത്തലുകള്‍ പരീക്ഷയെ എങ്ങനെ ബാധിച്ചെന്ന് ജസ്‌റ്റിസുമാരായ ജെബി പര്‍ദിവാലയും മനോജ് മിശ്രയും കൂടി ഉള്‍പ്പെട്ട ബെഞ്ച് ആരാഞ്ഞു.

പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റിയപ്പോള്‍ അവ കണ്ടെത്താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് എന്‍ടിഎ വിശദീകരിച്ചു. രാജ്യമെമ്പാടുമായി 61 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ഇതില്‍ 44 വിദ്യാര്‍ഥികള്‍ക്ക് ശരിയായ രണ്ട് ഉത്തരത്തിന്‍റെ ആനുകൂല്യവും കിട്ടി. പരീക്ഷയ്ക്ക് ഹാജരായ 23 ലക്ഷം വിദ്യാര്‍ഥികളില്‍ എത്ര പേരാണ് പരീക്ഷ കേന്ദ്രം മാറ്റിയതെന്നും കോടതി ചോദിച്ചു. സ്ഥിരം നഗരവും ഇപ്പോള്‍ താമസിക്കുന്ന നഗരവുമെന്ന രണ്ട് തെരഞ്ഞെടുപ്പുകളാണ് നല്‍കിയിരുന്നത്. ഇതില്‍ ഒന്ന് തെരഞ്ഞെടുത്താല്‍ പിന്നീട് പരീക്ഷ കേന്ദ്രത്തില്‍ മാറ്റം വരുത്താനാകില്ല. അപേക്ഷയില്‍ നല്‍കിയിരുന്ന മേല്‍വിലാസ പ്രകാരം ചില മാറ്റങ്ങള്‍ വരുത്താന്‍ അനുമതി നല്‍കിയിരുന്നു. എത്ര വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയെന്ന കാര്യം വ്യക്തമല്ലെന്ന് എന്‍ടിഎ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

ഗുവാഹത്തിയിലുള്ള ഒരു വിദ്യാര്‍ഥിക്ക് ലഖ്‌നൗ കേന്ദ്രമാക്കാനാകുമോയെന്നും എന്‍ടിഎ അല്ലേ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതെന്നും കോടതി ചോദിച്ചു. പരീക്ഷയ്ക്ക് രണ്ടോമൂന്നോ ദിവസം മുമ്പ് മാത്രമാണ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതെന്ന് എന്‍ടിഎ അഭിഭാഷകന്‍ മറുപടി നല്‍കി. അതിന് മുമ്പ് ആര്‍ക്കും അക്കാര്യം അറിയാനാകില്ല.

ആദ്യ തിരുത്തല്‍ വിന്‍ഡോ മാര്‍ച്ച് പതിനെട്ട് മുതല്‍ 20 വരെയാണ് ഓപ്പണ്‍ ആയിരുന്നത്. ഇതില്‍ എല്ലാ വിഭാഗത്തിലും തിരുത്തല്‍ സാധ്യമായിരുന്നോ എന്നും കോടതി ചോദിച്ചു. പുതുതായി ഏപ്രില്‍ 9 നും 10നും ഒരു വിന്‍ഡോ കൂടി തുറന്നിരുന്നുവെന്നും ബെഞ്ചിനെ അഭിഭാഷകന്‍ ധരിപ്പിച്ചു. രണ്ടാം വിന്‍ഡോയില്‍ പുതിയ അപേക്ഷകള്‍ എങ്ങനെ എത്തിയെന്ന് കോടതി ചോദിച്ചു.

ഗോധ്രയില്‍ 34 കുട്ടികള്‍ മാത്രമാണ് പരീക്ഷ കേന്ദ്രത്തില്‍ മാറ്റം വരുത്തിയത്. ഇതില്‍ പതിനാറ് പേര്‍ക്ക് മാത്രമെ മാറ്റം വരുത്തി നല്‍കിയുള്ളൂ. രാജ്യമെമ്പാടും എത്ര വിദ്യാര്‍ഥികള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയെന്ന കണക്കുകള്‍ ലഭ്യമാണോയെന്ന് കോടതി ചോദിച്ചു. ഹസാരിബാഗ്, പാറ്റ്ന പോലെ സംശയാസ്‌പദമായ കേന്ദ്രങ്ങളിലേക്ക് മാറ്റം ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

ചിലര്‍ ഭാഷയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ കോടതിയെ ബോധിപ്പിച്ചു. ചിലര്‍ ഗുജറാത്തി ഭാഷയാണ് ആവശ്യപ്പെട്ടത്. ഇത് ഏപ്രില്‍ 9നും 10നുമാണ് നടന്നതെന്നും സഞ്ജയ് അറിയിച്ചു.

കോടതി ഉച്ചയൂണിന് പിരിയും മുമ്പാണ് ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. വീണ്ടും കോടതി കൂടുമ്പോള്‍ ഈ കണക്കുകള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം ഐഐടി റിപ്പോര്‍ട്ട് നുണയാണെന്ന് അഭിഭാഷകനായ മാത്യു നെടുംപാറ ചൂണ്ടിക്കാട്ടി.

ഇത് തെളിയിക്കാന്‍ വസ്‌തുതപരമായ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നീറ്റ് പരീക്ഷയില്‍ ആദ്യ നൂറ് റാങ്കുകളില്‍ വന്ന വിദ്യാര്‍ഥികളുടെ പട്ടിക സംസ്ഥാനം തിരിച്ച് എന്‍ടിഎ കോടതിയില്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചു.

ജയ്‌പൂര്‍ 9, ബിഹാര്‍ 7, ഗുജറാത്ത് 6, ഹരിയാന 4 എന്നിങ്ങനെയാണ് ആ പട്ടിക. ഉയര്‍ന്ന റാങ്കുകള്‍ കിട്ടിയ വിദ്യാര്‍ഥികളില്‍ രാജ്യത്തെ 571 നഗരങ്ങളില്‍ നിന്നുള്ളവരും ഉണ്ടെന്ന് എന്‍ടിഎ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പതിനേഴ് നഗരങ്ങള്‍ മാത്രമാണ് ആദ്യ നൂറ് റാങ്കുകളില്‍ ഇവര്‍ തന്നെ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഉള്‍പ്പെട്ടിരിക്കുന്നത്.

Also Read:നീറ്റ് ചോദ്യപേപ്പർ ചോർച്ച; പട്‌ന എയിംസിലെ മൂന്ന് ഡോക്‌ടര്‍മാര്‍ സിബിഐ കസ്റ്റഡിയില്‍

Last Updated : Jul 18, 2024, 5:11 PM IST

ABOUT THE AUTHOR

...view details