ബെംഗളൂരു:സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി. മന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ നാലുപേർക്കെതിരെ രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസ് പരിഗണിച്ച ബാംഗ്ലൂരിലെ ജനപ്രതിനിധികളുടെ പ്രത്യേക (മജിസ്‌ട്രേറ്റ്) കോടതിയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്. ഏപ്രില്‍ 26നാണ് കേസില്‍ വാദം കേള്‍ക്കുന്നത് (Bengaluru Court Summons to Udayanidhi Stalin).
ഉദയനിധി സ്റ്റാലിനെ കൂടാതെ കേസിലെ രണ്ടാം പ്രതി തമിഴ്‌നാട്ടിലെ എഴുത്തുകാരനായ എസ് വെങ്കിടേഷ്, മൂന്നാം പ്രതി റൈറ്റേഴ്‌സ് സംസ്ഥാന പ്രസിഡൻ്റ് മധുകർ രാമലിംഗം, നാലാം പ്രതി ആദവൻ ദിച്ചന്യ (ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറി) എന്നിവർക്കും നേരിട്ട് ഹാജരാകാൻ കോടതി സമൻസ് അയച്ചിട്ടുണ്ട്.
സനാതന ധര്‍മ്മത്തിനെതിരായ വിവാദ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനോട് മാർച്ച് നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രത്യേക കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. എന്നാൽ, കേസിലെ പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥൻ മുഖേന സമൻസ് അയക്കേണ്ടതായിരുന്നുവെന്ന് അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇതനുസരിച്ച് അധികാരപരിധിയിലുള്ള പൊലീസ് ഓഫീസർ മുഖേന കേസിലെ പ്രതികൾക്ക് കോടതി പുതിയ സമൻസ് അയച്ചത്.
സനാതന ധർമ്മത്തിനെതിരായ പരാമർശങ്ങളുടെ പേരിൽ ഉദയനിധി സ്റ്റാലിനെ സുപ്രീം കോടതി ശാസിച്ച ദിവസം തന്നെയാണ് കോടതി സമൻസും. മന്ത്രിയുടെ വിവാദ പ്രസ്‌താവനയില്‍ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം ഉദയനിധി സ്റ്റാലിൻ ലംഘിച്ചെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേത് ആണ് പരാമർശം.