സംഭാല്‍:കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി സംഭാലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ട്. കഴിഞ്ഞ മാസം 24ന് ഷഹി ജുമ മസ്‌ജിദിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികള്‍.
സമാജ് വാദി പാര്‍ട്ടി സമാജികന്‍ സിയാവുര്‍ റഹ്‌മാന്‍ ബാര്‍ഖിന്‍റെ മണ്ഡലത്തില്‍ അടുത്തിടെ ബുള്‍ഡോസര്‍ നടപടികള്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ സദറിലെ എസ്‌പി അംഗം ഇഖ്ബാല്‍ മെഹമ്മൂദിന്‍റെ മണ്ഡലത്തിലേക്കാണ് ബുള്‍ഡോസറുകള്‍ നീളുന്നത്. കയ്യേറ്റ പരിധിയില്‍ വരുന്നതെന്ന് ആരോപിച്ച് ഇന്നും ചില നിര്‍മ്മിതികള്‍ ഇവിടെ പൊളിച്ച് നീക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംഭാലിലെ സംഘര്‍ഷത്തിന് ശേഷം പൊലീസ് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ തുടങ്ങിയിട്ടുണ്ട്. സംഘര്‍ഷത്തിനിടയാക്കിയവര്‍ക്കെതിരെ പൊലീസ് ഒരു വശത്ത് നടപടികള്‍ കൈക്കൊള്ളുമ്പോള്‍ മറുവശത്ത് ബുള്‍ഡോസര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഹിന്ദുപുരഖേദ, ദീപസറായ്, ഖഗ്ഗുസറായ്, തുടങ്ങിയ എസ്‌പിയുടെ പാര്‍ലമെന്‍റംഗം സിയാവുര്‍ റഹ്‌മാന്‍റെ മണ്ഡലങ്ങളിലെ സ്ഥലങ്ങളിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
ഞായറാഴ്‌ച രാവിലെ നഗരസഭ അധികൃതരുടെ സംഘവും വലിയ പൊലീസ് സന്നാഹവും എസ്‌പി എംപിയുടെയും എംഎല്‍എയുടെയും മേഖലയില്‍ എത്തി. ചിലയിടങ്ങളില്‍ ബുള്‍ഡോസറുകളെ കണ്ടപ്പോള്‍ തന്നെ ചിലര്‍ സ്വമേധയാ തങ്ങളുടെ വീടുകള്‍ക്ക് മുന്നിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ച് നീക്കി. ബുള്‍ ഡോസര്‍ നടപടികള്‍ കയ്യേറ്റക്കാരുടെ ഇടയില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്.