ജയ്‌പൂര്‍: ക്ഷേത്രത്തിൽ മതപരമായ പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ (ആർഎസ്എസ്) പത്ത് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ശരത് പൂർണിമ ദിനത്തിൽ ജയ്‌പൂരിലെ ക്ഷേത്രത്തിൽ രാത്രി നടന്ന 'ജാഗ്രൻ' പരിപാടിക്കിടെയാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഭക്തർക്ക് പ്രസാദം വിതരണം ചെയ്യുമ്പോൾ രണ്ട് പേര്‍ ക്ഷേത്രത്തിലെത്തുകയും രാത്രി വൈകിയും പരിപാടി നടത്തുന്നതിനെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ 10 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രതികള്‍ കത്തിയുമായി എത്തിയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരിൽ ആറുപേരെ സവായ് മാൻ സിങ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.