വാറങ്കല്‍: അര്‍ദ്ധരാത്രിയില്‍ എസ്‌ബിഐ ശാഖയില്‍ നിന്ന് മോഷ്‌ടാക്കള്‍ കവര്‍ന്നത് പതിനഞ്ച് കോടി രൂപയുടെ സ്വര്‍ണം. പത്തൊന്‍പത് കിലോ വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്‌ടിച്ചത്.
തെലങ്കാനയിലെ വാറങ്കല്‍ രയപാര്‍തി ബ്രാഞ്ചിലാണ് മോഷണം നടന്നത്. തിങ്കളാഴ്‌ച അര്‍ദ്ധരാത്രിയിലാണ് സംഭവം. സുരക്ഷാ ജീവനക്കാരില്ലാത്ത ശാഖയില്‍ ആദ്യം അലാം വയറുകള്‍ മോഷ്‌ടാക്കള്‍ മുറിച്ച് മാറ്റിയ ശേഷമായിരുന്നു മോഷണം. പിന്നീട് ഇവര്‍ ജനാലയുടെ ഇരുമ്പ് അഴികളും ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റി. അകത്ത് കയറിയ മോഷ്‌ടാക്കള്‍ സിസിടിവി ക്യാമറകളും പ്രവര്‍ത്തനരഹിതമാക്കി. പിന്നീട് ഇതിന്‍റെ ഹാര്‍ഡ് ഡിസ്‌കും മോഷ്‌ടിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചാണ് മൂന്ന് സുരക്ഷ പൂട്ടുകള്‍ ഇവര്‍ തകര്‍ത്തത്. 497 സ്വര്‍ണ കെട്ടുകള്‍ ഇതിലുണ്ടായിരുന്നു. രക്ഷപ്പെടും മുമ്പ് ഗ്യാസ് കട്ടറുകള്‍ ഇവര്‍ ഇവിടെ ഉപേക്ഷിച്ചു. അഞ്ഞൂറോളം ഇടപാടുകാരുടെ മുതലുകളാണ് മോഷണം പോയിരിക്കുന്നത്.
ചൊവ്വാഴ്‌ച രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. വര്‍ദ്ധാനപേട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീനിവാസ റാവു, മുതിര്‍ന്ന ഇന്‍സ്‌പെക്‌ടര്‍മാരായ ശ്രവണ്‍കുമാര്‍, രാജു തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വെസ്റ്റ് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജ മഹേന്ദ്ര നായക് പിന്നീട് ബാങ്ക് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
മോഷണ വിവരം പുറത്തറിഞ്ഞതോടെ ഇടപാടുകാര്‍ ആശങ്കയിലായിരിക്കുകയാണ്. പലരും വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ ബാങ്കിലെത്തി. ഇവരുടെ ആഭരണങ്ങള്‍ തിരികെ കിട്ടാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
രണ്ടാം തവണയാണ് ഈ ശാഖയില്‍ മോഷണം നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നേരത്തെ മോഷണം നടന്നത്. തുടര്‍ന്ന് ഇവിടെ സ്വകാര്യ സുരക്ഷ ജീവനക്കാരനെ വിന്യസിച്ചിരുന്നു. എന്നാല്‍ നിലവില്‍ സുരക്ഷ ജീവനക്കാരില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. തെളിവുകള്‍ ശേഖരിച്ച് വരുന്നു.
Also Read:സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ ഒളിവില്‍ പോയ സഹകരണ സംഘം പ്രസിഡൻ്റ് മരിച്ച നിലയിൽ