ന്യൂഡൽഹി: മലിനീകരണ രഹിത അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി. അവകാശം ആർട്ടിക്കിൾ 21 പ്രകാരം സംരക്ഷിക്കപ്പെടുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു മതവും മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ വായു മലിനീകരണവുമായും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വൈക്കോൽ കത്തിക്കലുമായും ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദീപാവലി സമയത്ത് ഡൽഹിയിൽ പടക്ക നിരോധനം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട അധികാരികളെയും സുപ്രീം കോടതി വിമര്‍ശിച്ചു. ദീപാവലിക്ക് പുറമെ മറ്റ് പരിപാടികളുമുണ്ടെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ അഭിഭാഷകനോട്, പിന്നെന്തിനാണ് നിരോധനം ദീപാവലിക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതെന്ന് ബെഞ്ച് ചോദിച്ചു.
എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച ശേഷം പടക്ക നിരോധനം വർഷം മുഴുവനും നീട്ടുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന് ഡൽഹി സർക്കാരിന്‍റെ അഭിഭാഷകൻ അറിയിച്ചതായി ബെഞ്ച് വ്യക്തമാക്കി. നവംബർ 25-ന് മുമ്പ് ഉചിതമായ തീരുമാനമെടുക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. നടപടികൾ കൈക്കൊള്ളാനും പാസാക്കിയ ഉത്തരവ് നടപ്പിലാക്കാനും ഡൽഹി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. വെടിക്കെട്ട് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കാനും കമ്മീഷണറോട് കോടതി നിര്‍ദേശിച്ചു.
എൻസിആർ സംസ്ഥാനങ്ങളുടെ പരിധിയിൽ പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപന, പൊട്ടിക്കൽ എന്നിവ നിരോധിക്കുന്ന വിഷയത്തിൽ എൻസിആർ സംസ്ഥാനങ്ങളോട് പ്രതികരിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും നവംബർ 25ന് മുമ്പ് മറുപടി നൽകണമെന്നും ബെഞ്ച് പറഞ്ഞു.
പടക്കം പൊട്ടിക്കാനുള്ള അവകാശം ആർട്ടിക്കിൾ 21 പ്രകാരം ആരെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കിൽ ആ വ്യക്തി കോടതിയിൽ വരട്ടെയെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് വാക്കാൽ പറഞ്ഞു. പടക്ക നിരോധനം നടപ്പാക്കുന്നതില്‍ ഡൽഹി പൊലീസും ഡൽഹി സർക്കാരും നിസംഗത കാട്ടിയതായും ബെഞ്ച് വിമര്‍ശിച്ചു.
Also Read:'ബുള്‍ഡോസര്‍ രാജ് ഭരണഘടനയ്‌ക്ക് എതിര്, അംഗീകരിക്കില്ല'; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി