കൊല്‍ക്കത്ത:ആർജി കർ ആശുപത്രിയിലെ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്‌ക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ ചൊവ്വാഴ്‌ച കൊല്‍ക്കത്ത ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. പ്രതിക്ക് നല്‍കിയ ജീവപര്യന്ത ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷ നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് മമത സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചത്.
കേസിലെ വിധിക്ക് പിന്നാലെ ഡോക്‌ടര്‍മാരുടെ സംഘടന ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നും, പ്രതിയുടെ ശിക്ഷ ജീവപര്യന്തമായി കുറയാൻ ഇത് കാരണമായെന്നും സര്‍ക്കാരിനും പങ്കുണ്ടെന്നുമുള്ള തരത്തില്‍ ആരോപണം ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മമത സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ സഞ്ജയ് റോയിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച സിയാല്‍ദ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിയാല്‍ദ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി അനിർബൻ ദാസ് തിങ്കളാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കോടതിയുടെ അനുമതി തേടി അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത ചൊവ്വാഴ്‌ച രാവിലെ ജസ്റ്റിസ് ദേബാങ്‌സു ബസക്, ജസ്റ്റിസ് എംഡി ഷബ്ബാർ റാഷിദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക