ലഖ്‌നൗ:പ്രായം കേവലം അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പൊലീസുദ്യോഗസ്ഥന്‍. തന്‍റെ 81-ാം വയസില്‍ വിവാഹിതനായിക്കൊണ്ടാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ആര്‍ ദാരാപുര ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിലെ ഇന്ദിരാനഗര്‍ സ്വദേശിയായ ദാരാപുരി സ്വന്തം സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെയാണ് തന്‍റെ രണ്ടാം വിവാഹ വാര്‍ത്ത എല്ലാവരെയും അറിയിച്ചത്. ഓഗസ്‌റ്റ് എട്ട് വ്യാഴാഴ്‌ച ആയിരുന്നു ദാരാപുരിയുടെ വിവാഹം. ലഖീംപൂരിലെ ഒരു അങ്കണവാടി അധ്യാപികയെ ആണ് അദ്ദേഹം ജീവിത സഖിയാക്കിയത്.
2022ല്‍ ഇദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ മരിച്ചിരുന്നു. പിന്നീടാണ് ഒരു പങ്കാളി വേണമെന്ന് അദ്ദേഹത്തിന് തോന്നിയത്. ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. വൈദ്യ ദാരാപുരി, രാഹുല്‍ ദാരാപുരി, സുല്‍ചന ദാരാപുരി എന്നിവരാണ് മക്കള്‍. ഇവര്‍ മൂവരും വിവാഹിതരാണ്.
ദാരാപുരി കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗിയാണ്. ഭാര്യ മരിച്ചതോടെ ഇദ്ദേഹത്തിന്‍റെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. തിരക്കുകള്‍ക്കിടയില്‍ മക്കള്‍ക്ക് ഇദ്ദേഹത്തെ സഹായിക്കാനും ആയിരുന്നില്ല. ഇതാണ് ഒരു രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ ദാരാപുരിയെ പ്രേരിപ്പിച്ചത്. 1972 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കഴിഞ്ഞ ഒക്‌ടോബറില്‍ ദലിതുകള്‍ക്ക് ഭൂമി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് അറസ്‌റ്റിലായിരുന്നു.