ഹൈദരാബാദ് :തെലങ്കാലനയിലെ ശ്രീശൈലം ലെഫ്‌റ്റ് ബാങ്ക് കനാല്‍ (എസ്‌എല്‍ബിസി) തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും തുടരുന്നു. തുരങ്കത്തിനകത്ത് കൂടുതല്‍ ആഴത്തിലേക്കുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലേക്ക് ദേശീയ ദുരന്ത നിവാരണ സേന കടന്നതായാണ് അപകട സ്ഥലത്തുനിന്നുള്ള റിപ്പോര്‍ട്ട്. നിലവില്‍ തുരങ്കത്തിനകത്തുള്ള വെള്ളം നീക്കം ചെയ്യുകയാണ് സേന.
തുരങ്കത്തിനകത്തെ ചെളിയും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. അപകട സ്ഥലത്ത് അവശിഷ്‌ടങ്ങള്‍ കൂടിക്കിടക്കുന്നതിനാല്‍ തൊഴിലാളികള്‍ അകപ്പെട്ടിരിക്കുന്ന സ്ഥാനം കൃത്യമായി കണ്ടെത്താന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. 'ട്രെയിന്‍ എഞ്ചിനും കൺവെയർ ബെൽറ്റുകളും ഉപയോഗിച്ചാണ് സേന തുരങ്കത്തിനുള്ളിൽ ഏകദേശം 13.5 കിലോമീറ്റർ സഞ്ചരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ, സ്ഥിതിഗതികൾ പരിശോധിക്കാൻ ഞങ്ങൾ തുരങ്കത്തിന് അകത്തേക്ക് പോയി' -ദേശീയ ദുരന്ത സേന ഡെപ്യൂട്ടി കമാൻഡന്‍റ് സുഖേന്ദു ദത്ത പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'11 കിലോമീറ്റർ ട്രെയിനിലും ബാക്കി 2 കിലോമീറ്റർ കൺവെയർ ബെൽറ്റിലും കാൽനടയായും തുരങ്കത്തിനകത്ത് സഞ്ചരിച്ചു. അവശിഷ്‌ടങ്ങൾ മൂടി കിടക്കുന്നതിനാൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അവസ്ഥയോ കൃത്യമായ സ്ഥലമോ സ്ഥിരീകരിക്കാൻ പ്രയാസമാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ടണൽ ബോറിങ് മെഷീനിന്‍റെ (TBM) അവസാനം വരെ ഞങ്ങൾ എത്തിയിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നിന്ന് എന്തെങ്കിലും പ്രതികരണം ലഭിക്കുന്നതിനായി ഞങ്ങൾ ശബ്‌ദമുണ്ടാക്കിയിരുന്നു. നിർഭാഗ്യവശാൽ പ്രതികരണമൊന്നും ഉണ്ടായില്ല. ഏകദേശം 200 മീറ്ററോളം അവശിഷ്‌ടങ്ങൾ അടിഞ്ഞുകിടക്കുകയാണ്. അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതുവരെ ഇരകളുടെ കൃത്യമായ സ്ഥലം ഞങ്ങൾക്ക് അറിയാൻ കഴിയില്ല' -അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്‌ച രാവിലെയാണ്, തെലങ്കാനയിലെ നാഗർകുർണൂല്‍ ജില്ലയിലെ ദോമാലപെന്തയില്‍ നിര്‍മാണത്തിലിരുന്ന എസ്‌എൽബിസി തുരങ്കത്തിന്‍റെ മൂന്ന് മീറ്റർ ഭാഗം മേല്‍ക്കൂര ഇടിഞ്ഞുവീണത്. എട്ട് തൊഴിലാളികളാണ് കുടുങ്ങിയിട്ടുള്ളത്. ഇതില്‍ ഏഴ് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുര്‍ജീത് സിങ് (പഞ്ചാബ്), സന്നിത് സിങ് (ജമ്മുകശ്‌മീര്‍), ശ്രീനിവാസലു മനോജ് റുബേന (ഉത്തര്‍പ്രദേശ്), സന്ദീപ് സന്തോഷ്, ജത്ക ഹീരന്‍ (ജാര്‍ഖണ്ഡ്), എന്നിവരാണ് കുടുങ്ങിയിട്ടുള്ളത്. അപകടം നടക്കുന്നതിന് നാല് ദിവസം മുന്‍പാണ് തുരങ്കത്തിന്‍റെ നിര്‍മാണം പുനരാരംഭിച്ചത്.
Also Read: ലിഫ്റ്റില്‍ കുടുങ്ങിയ ആറു വയസുകാരന്‍ മരിച്ചു