കേരളം

kerala

ETV Bharat / bharat

പലിശ നിരക്കില്‍ മാറ്റമില്ല; പുതിയ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്, വിശദമായി അറിയാം - RBI KEEPS POLICY RATE UNCHANGED

പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉത്പാദന നിരക്കില്‍ ഗണ്യമായ കുറവ് വരുത്തി റിസര്‍വ് ബാങ്ക്. 6.6 ശതമാനത്തിലേക്കാണ് ആഭ്യന്തര ഉത്പാദന നിരക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക് 4.8 ശതമാനമാണ്.

RBI Governor Shaktikanta Das  Monetary Policy Committee  CRR  GDP
Reserve Bank Governor Shaktikanta Das (ANI)

By ETV Bharat Kerala Team

Published : Dec 6, 2024, 12:32 PM IST

മുംബൈ:തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ 6.5 ശതമാനമായി നിലനിര്‍ത്താന്‍ ധനനയസമിതി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാം ദ്വൈമാസ ധനനയ പ്രഖ്യാപന വേളയില്‍ വ്യക്തമാക്കി. ബാങ്കുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന ഏകദിന വായ്‌പയ്ക്ക് ഈടാക്കുന്ന പലിശയാണി റിപ്പോ നിരക്ക്.

അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന മൊത്ത ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ ബാങ്ക് ഗണ്യമായ കുറവ് വരുത്തി. നേരത്ത 7.2 ശതമാനമായിരുന്ന പ്രതീക്ഷിത മൊത്ത ആഭ്യന്ത ഉത്പാദന നിരക്ക് 6.6 ശതമാനത്തിലേക്കാണ് വെട്ടിക്കുറച്ചത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനം ഏഴ് പാദത്തിനിടയിലെ ഏറ്റവും വലിയ കുറവായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞെങ്കിലും പലിശനിരക്കില്‍ ആര്‍ബിഐ സ്ഥിരത നിലനിര്‍ത്തി. മൊത്ത ആഭ്യന്തര ഉത്പാദനം ഏഴ് ശതമാനം വളര്‍ച്ചാനിരക്കിലെത്തുമെന്നായിരുന്നു നേരത്തെ ആര്‍ബിഐ പ്രവചിച്ചിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പ്രതീക്ഷിത പണപ്പെരുപ്പ നിരക്ക് 4.8 ആകുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. 4.5ല്‍ നിന്നാണ് ഈ വര്‍ധന. അതേസമയം പണമൊഴുക്ക് കൂട്ടുന്നതിനും അത് വഴി ബാങ്കുകളുടെ വായ്‌പ ശേഷി വര്‍ധിപ്പിച്ച് സാമ്പത്തിക ഇടപാടുകള്‍ക്ക് കരുത്ത് പകരുന്നതിനുമായി കരുതല്‍ ധനാനുപാതം നിലവിലെ 4.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കി കുറച്ചു.

ഇതോടെ 1.16 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് ലഭ്യമാകും. ഇത് അവരുടെ വായ്‌പ ശേഷിയെ മെച്ചപ്പെടുത്തും. ആര്‍ബിഐയില്‍ ബാങ്കുകള്‍ പണമായി നിക്ഷേപിക്കേണ്ട തുകയാണ് കരുതല്‍ ധനം അഥവ സിആര്‍ആര്‍(Cash Reseve Ratio). ഈ തുക കാലാകാലങ്ങളില്‍ ആര്‍ബിഐ നിശ്ചയിക്കും. ഈ തുകയ്ക്ക് ബാങ്കുകള്‍ക്ക് യാതൊരു പലിശയും ലഭ്യമാകില്ല.

ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്‍റെ നിരക്ക് നിര്‍ണയ സമിതിയായ ധനനയ സമിതി പുനഃസംഘടിപ്പിച്ചിരുന്നു. പുനഃസംഘടിപ്പിച്ച സമിതിയുടെ രണ്ടാമത്തെ യോഗമാണ് ഇന്ന് നടന്നത്. പുതുതായി പുറത്ത് നിന്ന് മൂന്ന് പേര്‍ കൂടി സമിതിയില്‍ അംഗമായിട്ടുണ്ട്. രാം സിങ്, സൗഗദ ഭട്ടാചാര്യ, നാഗേഷ് കുമാര്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍.

Also Read:അക്കൗണ്ടുകള്‍ സജീവമായി നിലനിര്‍ത്തുന്നതിന് ധന ഇതര ഇടപാടുകളും പരിഗണിക്കണം; ചട്ടങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ വേണമെന്ന് എസ്‌ബിഐ

ABOUT THE AUTHOR

...view details