ന്യൂഡൽഹി :ഡീപ്ഫേക്ക് വീഡിയോ കേസിലെ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തതിൽ പ്രതികരണവുമായി നടി രശ്‌മിക മന്ദാന (Rashmika Mandanna on deepfake video case). പ്രതികളെ അറസ്റ്റ് ചെയ്‌തതിലുള്ള നന്ദി രേഖപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
പ്രതികളെ പിടികൂടിയതിന് പൊലീസിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. സ്നേഹത്തോടെയും പിന്തുണയോടെയും എന്നെ ചേർത്തുനിർത്തിയ സമൂഹത്തോടും ആത്മാർഥമായ നന്ദിയുണ്ട്. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സമ്മതമില്ലാതെ ചിത്രങ്ങള്‍ എവിടെയെങ്കിലും ഉപയോഗിക്കുകയോ മോർഫ് ചെയ്യുകയോ ചെയ്‌താൽ നിങ്ങളെ പിന്തുണയ്ക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന ആളുകൾ ചുറ്റുമുണ്ട് എന്നുള്ളതിന്‍റെ ഓർമ്മപ്പെടുത്തലാണ് ഈ അറസ്‌റ്റെന്ന് ഞാൻ കരുതുന്നു" - രശ്‌മികയുടെ പോസ്റ്റ് ഇങ്ങനെ.
കഴിഞ്ഞ ദിവസമാണ്, രശ്‌മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ സൃഷ്ടിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡൽഹി പൊലീസ് പ്രത്യേക സെല്ലിലെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റാണ് പ്രതിയായ ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശി ഈമണി നവീനെ (24) അറസ്റ്റ് ചെയ്‌തത്. ഇയാൾ ചെന്നൈയിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ബി-ടെക് ബിരുദം നേടിയയാളാണ്.
സോഷ്യൽ മീഡിയയിൽ രശ്‌മികയുടെ പേരിൽ ഇയാൾ ഒരു ഫാൻ പേജ് ആരംഭിച്ചിരുന്നു. ഇതിലേക്ക് ഫോളോവേഴ്‌സിനെ കൂട്ടാൻ വേണ്ടിയാണ് പ്രതി ഡീപ്ഫേക്ക് വീഡിയോ സൃഷ്‌ടിച്ചത്. എന്നാൽ ഈ വീഡിയോ വൈറലാവുകയായിരുന്നു. മറ്റ് രണ്ട് സെലിബ്രിറ്റികളുടെ പേരിലും രണ്ട് ഫാൻ പേജുകൾ ഇയാൾ സൃഷ്‌ടിച്ചിട്ടുണ്ടെന്ന് ഐഎഫ്എസ്ഒ യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹേമന്ത് തിവാരി പറഞ്ഞു .