മുംബൈ:സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജനുവരി 13 ന് രാത്രി പുറത്തുപോയ 21 വയസ്സുകാരി പീഡനത്തിനിരയായെന്ന് പരാതി. സംഭവത്തില്‍ പൊലീസ് ആവശ്യമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച പെൺകുട്ടി, പ്രതി സംഭവ ശേഷം ക്ഷമ ചോദിച്ച് അയച്ച മെസേജിന്‍റെ സ്‌ക്രീൻ ഷോട്ട് സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.
സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും മുംബൈ പൊലീസ് ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നാണ് പെൺകുട്ടിയുടെ പോസ്‌റ്റ്. തനിക്ക് നീതി ലഭിക്കണമെന്നും പോസ്‌റ്റില്‍ പറയുന്നുണ്ട്. എന്നാൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376, 323 ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തെന്ന് വോർലി പൊലീസ് പറഞ്ഞു.
പെൺകുട്ടി പറയുന്നതിങ്ങനെ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജനുവരി 13 ന് രാത്രി പുറത്തുപോയി. യുവാവിനൊപ്പം ഒരു ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുത്തു. അവിടെ വച്ച് തനിക്ക് മദ്യം നല്‍കിയ ശേഷം അയാളുടെ സുഹൃത്തിന്‍റെ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതി. മുംബൈയിലെ വോർളി ഏരിയയിലാണ് ഈ സംഭവം നടന്നത്.
പ്രതിയുടെ സുഹൃത്തുക്കളെയും അവിടെ വച്ച് കണ്ടിരുന്നു. മദ്യപിച്ചതിനാല്‍ തനിക്ക് ബോധമില്ലായിരുന്നെന്നും, കൂടുതൽ കുടിക്കാൻ പ്രതി അവളെ നിർബന്ധിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. അമിതമായ മദ്യപാനം കാരണം, തന്‍റെ ബോധം പൂര്‍ണമായും നഷ്‌ടമായതായും പെണ്‍കുട്ടി പറഞ്ഞു. തുടർന്ന് പ്രതി പെൺകുട്ടിയെ സുഹൃത്തിന്‍റെ വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബോധം വീണ്ടെടുത്ത് എതിർക്കാൻ ശ്രമിച്ചെങ്കിലും പ്രതി ക്രൂരമായി മര്‍ദ്ദിച്ചെന്നും മദ്യലഹരിയിലായിരുന്ന തനിക്ക് പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
പ്രതിയും സുഹൃത്തും സംഭവ ശേഷം രക്ഷപെട്ടതായും അതിനു ശേഷം സഹായത്തിനായി തന്‍റെ ബന്ധുവിനെ വിളിച്ചതായും പെൺകുട്ടി പറയുന്നു. ആ രാത്രിയെക്കുറിച്ച് തനിക്ക് തന്‍റെ മാതാപിതാക്കളോട് പറയാൻ കഴിയില്ലെന്നും ഇര പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് അറിഞ്ഞ വീട്ടുകാർ ഉടൻ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.