മുംബൈ: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂര്‍ സന്ദർശിക്കാതെ മോദി ലോകമെമ്പാടും സഞ്ചരിക്കുകയാണെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു. മാസങ്ങളായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നീതിയാണ് വേണ്ടതെന്നും ഖാര്‍ഗെ പറഞ്ഞു.
'മണിപ്പൂരിൽ ആര് ഭരിച്ചാലും നീതിയാണ് വേണ്ടത്. അവിടുത്തെ ജനങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമായി കഷ്‌ടപ്പെടുകയാണ്. മോദി എന്താണ് ചെയ്യുന്നത്? അദ്ദേഹം മഹാരാഷ്‌ട്രയിലും ജാര്‍ഖണ്ഡിലും ലോകമെമ്പാടും യാത്ര ചെയ്യുകയാണ്. എന്നാല്‍, മണിപ്പൂരിലേക്ക് ഒരു പ്രാവശ്യം പോലും പോകാൻ മോദി തയ്യാറായിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാഹുൽ ഗാന്ധി മണിപ്പൂരില്‍ പോയി. അവിടെ നിന്ന് മഹാരാഷ്‌ട്രയിലേക്ക് അദ്ദേഹം പദയാത്ര ആരംഭിച്ചു. മിസ്റ്റർ മോദി എവിടെ? അദ്ദേഹത്തിന് അവിടെ പോകാൻ ഉദ്ദേശമില്ല. കേന്ദ്ര സർക്കാര്‍ നിലപാടിനെ ഞാൻ അപലപിക്കുന്നു'- ഖാര്‍ഗെ പറഞ്ഞു.
ബിജെപിയുടെ നാളുകള്‍ അവസാനിക്കുകയാണെന്ന് കോൺഗ്രസ് എംപി കുൻവർ ഡാനിഷ് അലി അഭിപ്രായപ്പെട്ടു. വടക്കുകിഴക്കൻ മേഖലയില്‍ നിന്നും ബിജെപിയ്‌ക്ക് പിന്തുണ പിൻവലിക്കുന്ന പ്രവണത ആരംഭിച്ചിരിക്കുകയാണ്. . മണിപ്പൂർ സർക്കാരിനുള്ള പിന്തുണ ഇപ്പോൾ അവരുടെ ഒരു സഖ്യകക്ഷി തന്നെ പിൻവലിച്ചിരിക്കുന്നു. ജെഡിയു അല്ലെങ്കിൽ ടിഡിപിയും ഒരു ദിവസം ബിജെപിക്കുള്ള പിന്തുണ പിൻവലിക്കുമെന്നും മോദി സർക്കാർ തകരുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തില്‍ വരാന്‍ അവര്‍ പല വാഗ്‌ദാനങ്ങളും നല്‍കി. എന്നാല്‍ അവയൊന്നും പാലിക്കപ്പെട്ടില്ല. മണിപ്പൂരിലെ സാഹചര്യം നമുക്ക് മുന്നിലുണ്ട്. ഇതിലൊന്നും ബിജെപിക്ക് ഒന്നും ചെയ്യാനില്ലെന്നും ഡാനിഷ് അലി വിമര്‍ശിച്ചു.
മണിപ്പൂരിലെ സംഘർഷങ്ങൾ അതിരൂക്ഷമായതിനിടെ, ഞായറാഴ്‌ച (നവംബര്‍ 17) ബിജെപി സർക്കാരിനുള്ള പിന്തുണ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പിൻവലിച്ചിരുന്നു. ബിരേൻ സിങ് സർക്കാര്‍ മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂർണമായി പരാജയപ്പെട്ടുവെന്ന് മേഘാലയ മുഖ്യമന്ത്രിയും എൻപിപി മേധാവിയുമായ കോൺറാഡ് സാങ്മ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.
അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പരാജയപ്പെട്ടതിനാൽ സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും താറുമാറായെന്ന്. എൻപിപി എംഎൽഎയും ദേശീയ സെക്രട്ടറിയുമായ (രാഷ്‌ട്രീയകാര്യം) ഷെയ്ഖ് നൂറുൽ ഹസ്സനും കുറ്റപ്പെടുത്തി.
അതേസമയം സംസ്ഥാനത്ത് ബിജെപിക്ക് കേവല ഭൂരിപക്ഷമുള്ളതിനാൽ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ പിന്മാറ്റം സർക്കാരിനെ ബാധിക്കില്ല. 60 അംഗ മണിപ്പൂർ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 37 സീറ്റുകളാണുള്ളത്.
Also Read: ജി20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലില്‍