ചണ്ഡീഗഡ് : നിരവധി ബലാത്സംഗത്തിനും കൊലപാതകങ്ങള്‍ക്കും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍. 21 ദിവസത്തേക്കാണ് ഗുര്‍മീതിന് പരോള്‍ നൽകിയിരിക്കുന്നത്. ജയിലിലായ ശേഷം ഇത് പത്താം തവണയാണ് ഇയാള്‍ പുറത്തിറങ്ങുന്നത്. ഇന്ന് രാവിലെ 6.30-ഓടെ റോഹ്തക് സുനാരിയ ജയിലിൽ നിന്ന് ഗുര്‍മീത് റാം റഹീം പുറത്തിറങ്ങി.
ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. 1948-ല്‍ മസ്‌ത ബാലോചിസ്‌താനിയാണ് ആത്മീയ സംഘടനയായ ദേര സച്ചാ സൗദ സ്ഥാപിക്കുന്നത്. 1990-ല്‍ തന്‍റെ 23-ാം വയസിലാണ് ഗുര്‍മീത് സംഘടനയുടെ തലപ്പത്ത് എത്തുന്നത്.
ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടും എന്ന വ്യാജേന നിരവധി സ്ത്രീകളെയാണ് ഗുര്‍മീത് തന്‍റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയത്. ഒടുവില്‍ 2017-ല്‍ ആണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ഇയാളെ ശിക്ഷിക്കുന്നത്. തുടര്‍ന്ന് മറ്റുപല കേസുകളിലും ഇയാള്‍ പ്രതിയെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചു.
2023 ജനുവരിയില്‍, തന്‍റെ ആറാമത്തെ പരോളില്‍ 40 ദിവസത്തെ അവധി ലഭിച്ച ഗുര്‍മീത് റാം അനുയായികള്‍ക്കൊപ്പം വാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന വീഡിയോ വിവാദമായിരുന്നു. 2017 മുതല്‍ റോഹ്തക് ജയിലിലാണ് ഇയാള്‍ കഴിയുന്നത്.
ഉത്തർപ്രദേശിലെ ബാഗ്‌പത് ജില്ലയിലെ ബർണവ ആശ്രമത്തിലാണ് റാം റഹീം പരോള്‍ കാലം ചെലവഴിക്കുക. ആശ്രമത്തിന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഗുർമീത് റാം റഹീമിന്‍റെ ആവർത്തിച്ചുള്ള പരോളിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) സമർപ്പിച്ച ഹർജി പഞ്ചാബ് - ഹരിയാന ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഗുർമീത് റാം റഹീമിന് ഫർലോയോ പരോളോ അനുവദിക്കുന്നത് സംബന്ധിച്ച് കോമ്പീറ്റൻ്റ് അതോറിറ്റി നിയമങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ ഹരിയാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
റാം റഹീമിന് മാത്രമല്ല, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന 80-ല്‍ അധികം തടവുകാർക്ക് ചട്ടങ്ങൾക്കനുസൃതമായി പരോൾ അല്ലെങ്കിൽ ഫർലോ സൗകര്യം നൽകിയിട്ടുണ്ടെന്ന് ഹരിയാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ബലാത്സംഗ, കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടും ഹരിയാന സർക്കാർ ഗുര്‍മീത് റാമിന് പരോള്‍ അനുവദിക്കുന്നതിനെതിരെ ഹർജിയിൽ എതിർപ്പ് ഉയർന്നിരുന്നു.
ഗുര്‍മീത് റാം റഹീമിന് പരോൾ ലഭിച്ച സമയങ്ങള്‍ :
24 ഒക്ടോബർ 2020 : അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് റാം റഹീമിന് ആദ്യമായി ഒരു ദിവസത്തെ പരോൾ ലഭിച്ചു.