റാമോജി റാവു അന്തരിച്ചു (ETV Bharat) ഹൈദരാബാദ് :ഈനാടു എംഡിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4:50നായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈനാടു, ഇടിവി അടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്.
അസുഖ ബാധിതനായ അദ്ദേഹത്തെ ഈ മാസം അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 87 കാരനായ റാമോജി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ബുദത്തെ അതിജീവിച്ചിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 9 നും 11 നും ഇടയിൽ ഫിലിം സിറ്റിയിൽ നടക്കും.
16 നവംബര്‍ 1936ന് ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലായിരുന്നു റാമോജി റാവുവിന്‍റെ ജനനം. 1983ലാണ് അദ്ദേഹം ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരണ്‍ മുവീസ് സ്ഥാപിക്കുന്നത്. മാർഗദർശി ചിറ്റ് ഫണ്ട്, രമാദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്‌സ് എന്നിവയുടെയും സ്ഥാപകനാണ്. ആന്ധ്രാപ്രദേശിലെ ഡോള്‍ഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്‍റെ ചെയര്‍മാൻ കൂടിയായിരുന്നു.
പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. നാല് ഫിലിം ഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.