കേരളം

kerala

ETV Bharat / bharat

രാമായണ പാരായണം ഏഴാം ദിവസം, വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും - RAMAYANAM DAY 7

കർക്കടക മാസത്തിലെ ഓരോ ദിവസവും അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.

RAMAYANA  രാമായണ പാരായണം  ലക്ഷ്‌മണോപദേശം  Rama sita thathwam
രാമായണ പാരായണം ഏഴാം ദിവസം, വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും (ETV Bharat)

By ETV Bharat Kerala Team

Published : Jul 22, 2024, 6:26 AM IST

മകാലിക ലോകത്ത് രാമായണം ആത്മീയ- നൈതിക മൂല്യങ്ങളുടെ ശക്തമായ ഉറവിടമായി നിലകൊള്ളുന്നു. ആധുനിക കാലത്തിന് വേണ്ട പല പാഠങ്ങളും രാമായണം നമുക്ക് പകര്‍ന്ന് തരുന്നു. ഭഗവാന്‍ രാമന്‍റെ ഐതിഹാസിക യാത്ര ധര്‍മ്മത്തിന്‍റെയും നന്മയുടെയും തിന്മയുടെയും നീതിയുടെയുമെല്ലാം പ്രാധാന്യം അടിവരയിട്ട് കാട്ടുന്നു. മൂല്യങ്ങളിലൂന്നിയുള്ള ജീവിതം, സാഹോദര്യം, പ്രതികൂല സാഹചര്യങ്ങളോട് പുലര്‍ത്തേണ്ടുന്ന നിര്‍മ്മമത എന്നിവയെല്ലാം കാലദേശഭേദങ്ങളില്ലാതെ രാമായണം നമുക്ക് പകര്‍ന്ന് നല്‍കുന്നു. ഇന്നത്തെ ലോകത്ത് അറിവിനും ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് അറിയാനും ഈ ഗ്രന്ഥം വായിക്കേണ്ടത് അത്യന്താപേക്ഷിതം തന്നെ.

തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.

ഒന്നാം ദിവസം ബാലകാണ്ഡത്തിന്‍റെ ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെയുള്ള ഭാഗമാണ് വായിക്കുക. ഏഴാം ദിവസം അയോധ്യാകാണ്ഡത്തിലെ ലക്ഷ്‌മണോപദേശം മുതൽ രാമസീതാരഹസ്യം വരെയുള്ള ഭാഗങ്ങൾ വായിക്കാം

ലക്ഷ്‌മണോപദേശത്തില്‍ ഭഗവാന്‍ രാമന്‍ ലോകത്തെ ഭോഗാസക്തികളെക്കുറിച്ചും ആത്മീയമായി വളര്‍ച്ച നേടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ലക്ഷമണന് പറഞ്ഞ് കൊടുക്കുന്നു. ഭൗതിക ആഗ്രഹങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. ഫലമിച്‌ഛിക്കാതെ കര്‍മ്മം ചെയ്യാനും രാമന്‍ ലക്ഷ്‌മണനോട് ആഹ്വാനം ചെയ്യുന്നു.

ഈ ഭാഗത്തില്‍ രാമനും സീതയും ലക്ഷ്‌മണനും വനവാസത്തിന് പുറപ്പെടുന്നു. എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. അമ്മമാരോടും അയോധ്യാവാസികളോടും യാത്ര പറയുന്നു. കണ്ണീരോടെ അവര്‍ രാമനെ യാത്രയാക്കുന്നു. രാമനെ അനുയാത്ര ചെയ്യണമെന്ന് സീത നിര്‍ബന്ധം പിടിക്കുന്നു. ലക്ഷ്‌മണന് രാമനെ സേവിക്കണമെന്നും നിര്‍ബന്ധം. അവര്‍ അയോധ്യയില്‍ നിന്ന് അടവിയിലേക്ക് യാത്രയാകുന്നു. ആത്മാര്‍പ്പണം, ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളല്‍ എന്നിവയെല്ലാമാണ് ഈഭാഗം നമുക്ക് പറഞ്ഞ് തരുന്നത്.

ലക്ഷ്‌മണോപദേശത്തില്‍ നിന്നുള്ള ഗുണപാഠങ്ങള്‍

  1. ഭൗതിക ലോകത്തിന്‍റെ അസ്ഥിരത: ഭൗതിക നേട്ടങ്ങളൊന്നും നമ്മെ ഒരിക്കലും സഹായിക്കില്ലെന്ന സത്യത്തിലേക്കും ലക്ഷ്‌മണോപദേശം നമ്മെ കണ്ണുതുറപ്പിക്കുന്നു. ആത്മീയ വളര്‍ച്ച നേടാനും ഭഗവാന്‍ നമ്മോട് പറയുന്നു.
  2. സ്വയം തിരിച്ചറിവിന്‍റെയും അറിവിന്‍റെയും മൂല്യങ്ങള്‍:ആത്മീയതയെ കണ്ടെത്തല്‍, ശരീരത്തിനും അതിന്‍റെ ആഗ്രഹങ്ങള്‍ക്കും അപ്പുറം ജനനമരണ ചക്രങ്ങളില്‍ നിന്നുള്ള മോക്ഷം എങ്ങനെ നേടാമെന്ന തത്വമാണ് ലക്ഷ്‌മണോപദേശം നമുക്ക് നല്‍കുന്നത്.
  3. ഫലത്തോടുള്ള അനാസക്തി: ഫലാസക്തി കൂടാതെ കര്‍മ്മം ചെയ്യുക എന്നാണ് ഭഗവാന്‍ നമ്മോട് പറയുന്നത്. പരമകാരുണികനായ ദൈവത്തില്‍ സകലവും സമര്‍പ്പിക്കുക. ഇത് ആത്മീയ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
  4. ദേഷ്യത്തിന്‍റെയും ആഗ്രങ്ങളുടെയും അപകടങ്ങള്‍:ആത്മീയ വളര്‍ച്ചയ്ക്ക് തടസം സൃഷ്‌ടിക്കുന്ന രണ്ട് ഘടകങ്ങളാണ് ദേഷ്യവും ആഗ്രഹവും. ഇത് ധര്‍മ്മച്യുതിക്കും കഷ്‌ടപ്പാടുകള്‍ക്കും കാരണമാകുന്നു. ഈ വികാരങ്ങളെയെല്ലാം നിയന്ത്രിച്ചാല്‍ മാത്രമേ നമുക്ക് സമാധാനം കൈവരൂ.
  5. കര്‍മ്മത്തിന്‍റെയും കൂറിന്‍റെയും പ്രാധാന്യം:രാമനെ സേവിക്കുന്നതിലൂടെ ഒരാളുടെ കര്‍ത്തവ്യവും കൂറും ആത്മ സമര്‍പ്പണവുമെല്ലം ലക്ഷ്‌മണന്‍ നടത്തുന്നു. ഇത് ധാര്‍മ്മികതയും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും നമുക്ക് കാട്ടിത്തരുന്നു.
  6. നശ്വരമായ ബന്ധങ്ങള്‍:ജീവിതത്തിന്‍റെ നശ്വരത വെളിപ്പെടുത്തുന്ന ഭാഗം. ഈ ഭൂമിയിലെ ഒരു ബന്ധവും ശാശ്വതമല്ല. ഭൗതിക നേട്ടങ്ങളൊന്നും നിലനില്‍ക്കില്ല. ആത്മീയതയുടെ പ്രാധാന്യവും ഈ ഭാഗം നമുക്ക് പറഞ്ഞു തരുന്നു.

അധ്യാത്മ രാമായണത്തിലെ സീത തത്വത്തില്‍ രാമന്‍ തന്‍റെ ദൈവികത വെളിപ്പെടുത്തുന്നു. തന്‍റെ ഭക്തര്‍ക്ക് വേണ്ടിയുള്ള അവതാര രഹസ്യവും വെളിപ്പെടുത്തുന്നു. താന്‍ മഹാവിഷ്‌ണുവിന്‍റെ അവതാരമാണെന്നും ലക്ഷ്‌മണന്‍ അനന്തന്‍റെയും സീത ലക്ഷ്‌മി ദേവിയുടെയും അവതാരങ്ങളാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍ തുടങ്ങി വിഷ്‌ണുവിന്‍റെ ഓരോ അവതാരങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ഓരോ അവതാരങ്ങളും ലോകത്തെ രക്ഷിക്കാനും ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിക്കാനുമായിരുന്നു. തന്‍റെ നിയോഗത്തിന്‍റെ ഭാഗമായാണ് ഈ വനയാത്രയെന്നും രാമന്‍ സീതാ-ലക്ഷ്‌മണന്‍മാരെ ധരിപ്പിക്കുന്നു. രാവണനെ വധിക്കാനും പ്രപഞ്ചത്തെ മുഴുവന്‍ സംരക്ഷിക്കാനുമാണ് ഈ യാത്ര. മോക്ഷ പ്രാപ്‌തിക്ക് തന്‍റെ നാമം ജപിക്കാനും രാമന്‍ ലോകത്തെ ഉപദേശിക്കുന്നു. തന്‍റെ അവതരോദ്ദേശ്യം തന്‍റെ ഭക്തരുടെ സന്തോഷമാണ്.

രാമ സീത തത്വത്തിന്‍റെ ഗുണപാഠങ്ങള്‍

  1. ദൈവിക അവതാരം: ധര്‍മ്മത്തെ രക്ഷിക്കാന്‍ ഭഗവാന്‍ പല രൂപങ്ങളില്‍ അവതരിക്കുന്നു.
  2. മായയും യാഥാര്‍ഥ്യവും:ലോകം മായയാണ്. ഇതിന് പിന്നിലുള്ള ദൈവികസത്ത തിരിച്ചറിയുമ്പോള്‍ നാം ആത്മാവിനെ അറിഞ്ഞ് തുടങ്ങുന്നു.
  3. രാമനാമം ജപിയ്ക്കല്‍: പതിവായി രാമനാമം ജപിക്കുന്നതിലൂടെ മരണഭയം ഇല്ലാതാകുകയും മോക്ഷത്തിലേക്ക് നാം നയിക്കപ്പെടുകയും ചെയ്യും.
  4. ഭക്തിയും ധര്‍മ്മവും: ഒരാള്‍ ഭക്തിയോടെ തന്‍റെ കര്‍മ്മം അനുഷ്‌ഠിച്ചാല്‍ ദൈവിക പിന്തുണയും സംരക്ഷണവും ലഭിക്കുന്നു.
  5. ദൈവനിശ്ചയം:വിധിയില്‍ വിശ്വസിക്കുക. സംഭവിക്കുന്നതെല്ലാം നല്ലതിന് വേണ്ടിയാണ്.
  6. ആത്മീയ സന്തോഷം:രാമന്‍റെയും സീതയുടെയും ദൈവികതത്വം അറിയുകയും അവരെ ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ നമ്മില്‍ സന്തോഷം ഉണ്ടാകുന്നു. നമ്മുടെ ദുഃഖദുരിതങ്ങളെല്ലാം അകലുന്നു.

ABOUT THE AUTHOR

...view details