കേരളം

kerala

ETV Bharat / bharat

രാജ്യസഭ തെരഞ്ഞെടുപ്പ്: ഹിമാചലിൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി; എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന് മുഖ്യമന്ത്രി

ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപിക്ക് ജയം. ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

Rajya Sabha Elections 2024  രാജ്യസഭ തിരഞ്ഞെടുപ്പ്  ഹിമാചൽ പ്രദേശ്  Himachal Pradesh  BJP
Rajya Sabha Elections 2024- BJP Overthrew Congress in Himachal

By ETV Bharat Kerala Team

Published : Feb 27, 2024, 10:45 PM IST

ഷിംല: കോൺഗ്രസിന് ഭൂരിപക്ഷമുള്ള ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി ജയിച്ചതിന് പിന്നാലെ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കം. കോണ്‍ഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്തി ബിജെപിയുടെ ഹര്‍ഷ് മഹാജനാണ് വിജയിയായത്. കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതോടെ തുല്യവോട്ടാണ് ഇരുവർക്കും ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങൾക്ക് തുടക്കമിട്ടു. ജനാധിപത്യത്തിന് ഹിതകരമല്ലാത്ത ഗുണ്ടായിസമാണ് ബിജെപി നടത്തുന്നതെന്നും, സിആര്‍പിഎഫിന്‍റെയും ഹരിയാന പൊലീസിന്‍റെയും സഹായത്തോടെ തങ്ങളുടെ ആറോളം എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു ആരോപിച്ചു. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമം കുടുംബം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

"ബിജെപി ഹിമാചലിൽ ഗുണ്ടായിസം നടത്തുകയാണ്, ഹിമാചലിലെ ജനങ്ങൾ അത് അംഗീകരിക്കില്ല. ബിജെപി സർക്കാർ വൃത്തികെട്ടതും അറപ്പുളവാക്കുന്നതുമായ കളിയാണ് കളിക്കുന്നത്. അവർ കുതിരക്കച്ചവടത്തിൽ ഏർപ്പെടുകയും ചില എംഎൽഎമാരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തു. ഇത് ജനാധിപത്യത്തിൻ്റെ കശാപ്പാണ്. രാജ്യത്തെയും സംസ്ഥാത്തെയും ജനത ഇത് അംഗീകരിക്കില്ല.”സുഖു പറഞ്ഞു.

അതേസമയം തങ്ങൾ വിജയിച്ചെന്ന് അവകാശപ്പെട്ട ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു വർഷം കൊണ്ട് തന്നെ എംഎല്‍എമാർ മുഖ്യമന്ത്രിയെ കയ്യൊഴിഞ്ഞു. സംസ്ഥാനത്തേത്‌ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിജയമാണെന്നും ജയ്റാം ഠാക്കൂർ‍ പറഞ്ഞു.

ഉത്തർപ്രദേശിലും അട്ടിമറി:ഉത്തര്‍ പ്രദേശിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലും ബിജെപി ഒരു വീട്ടിൽ അട്ടിമറി ജയം നേടി. ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിൽ 8 ലും പാർട്ടി വിജയിച്ചു. സമാജ്‍വാദി പാർട്ടിയിലെ ഏഴ് എംഎല്‍എമാര്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്‌തതോടെയാണ് ഒരു സീറ്റിൽ ബിജെപി അട്ടിമറി ജയം നേടിയത്. സമാജ്‌വാദി പാർട്ടി (എസ്‌പി) രണ്ടിടത്ത് വിജയിച്ചു.

Also Read: രാജ്യസഭ തെരഞ്ഞെടുപ്പ് : കര്‍ണാടകയില്‍ ബിജെപി പക്ഷത്ത് ക്രോസ് വോട്ട്, മനസ്സാക്ഷിക്ക് അനുസരിച്ചാണ് ചെയ്‌തതെന്ന് എസ്‌ടി സോമശേഖർ

കർണാടകയിൽ ബിജെപിക്ക് തിരിച്ചടി: കർണാടകയിൽ കോൺഗ്രസ് മൂന്ന് സീറ്റും ബിജെപി ഒരു സീറ്റും നേടി. അജയ് മാക്കൻ, ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ (എല്ലാവരും കോൺഗ്രസ്), നാരായൻസ കെ ഭണ്ഡാഗെ (ബിജെപി) എന്നിവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ മന്ത്രി കൂടിയായ ബിജെപിയുടെ എസ് ടി സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌തു. മറ്റൊരു മുന്‍മന്ത്രിയായ ശിവരാം ഹെബ്ബാര്‍ ബിജെപിയുടെ വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

ABOUT THE AUTHOR

...view details