തിരുവനന്തപുരം:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതെന്തിനെന്ന് ചോദ്യം. തമിഴ്‌നാട് എക്‌സൈസ് മന്ത്രിയുടെ രാജി ഉൾപ്പടെ ഡിഎംകെ സർക്കാരിൽ നിന്ന് എന്ത് നടപടികളാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്ര ശേഖര്‍.
ഇതുവരെയുള്ള വ്യാജമദ്യ ദുരന്തങ്ങളിൽ ഏറ്റവും വലിയ ഒന്നാണ് കള്ളക്കുറിച്ചിയിലേത്. മറ്റ് അവസരങ്ങളിൽ ഭരണഘടനയെ കൈവീശിക്കാണിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന രാഹുലിൻ്റെ കോൺഗ്രസ് തമിഴ്‌നാട്ടിലെ തങ്ങളുടെ ഇന്ത്യ സഖ്യകക്ഷിയുടെ സർക്കാരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തമിഴ്‌നാട് എക്‌സൈസ് മന്ത്രിയുടെ രാജി കോൺഗ്രസ് ആവശ്യപ്പെടുമോയെന്ന് രാഹുൽ ഗാന്ധിയോട് ബിജെപി നേതാവ് ചോദിച്ചു.
ഒരു പാവപ്പെട്ട വ്യക്തിയെ ബാധിക്കുന്ന ഓരോ ദുരന്തവും മറ്റുതരത്തിൽ ഉപയോഗപ്പെടുത്തുകയും അതിനെ രാഷ്‌ട്രീയമാക്കുകയും ചെയ്യുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ലജ്ജാകരവും നിന്ദ്യവുമല്ല. എന്നാൽ തമിഴ്‌നാട്ടിൽ ഇത്തരത്തിലുള്ള നാശം സംഭവിക്കുമ്പോൾ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നു. ഇരകളുടെ കുടുംബാംഗങ്ങളുടെ നഷ്‌ടം എങ്ങനെ ലഘൂകരിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയെങ്കിലും കുറച്ച് പണം നൽകി, പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് എന്നെന്നേക്കുമായി നഷ്‌ടപരിഹാരം നൽകാമെന്ന വിശ്വാസം ലജ്ജാകരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കള്ളക്കുറിച്ചി മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന പാർട്ടി അധ്യക്ഷൻ കെ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ബിജെപി നേതാക്കളുടെ സംഘം ഗവർണർ ആർഎൻ രവിയെ രാജ്ഭവനിൽ സന്ദർശിച്ചു. നേരത്തെ ഡിഎംകെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ എഐഎഡിഎംകെ പാർട്ടി നേതാക്കൾ കള്ളക്കുറിച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തമിഴ്‌നാട് പ്രതിപക്ഷ പാർട്ടി നേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ALSO READ:മദ്യനയ അഴിമതി കേസ്: ഹൈക്കോടതി ജാമ്യം തടഞ്ഞതിനെതിരെ കെജ്‌രിവാൾ സുപ്രീം കോടതിയില്‍