ജയ്‌പൂര്‍:രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.പി. ജോഷിയില്‍ നിന്നും മഹേന്ദ്രജിത്ത് മാളവ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബന്‍സ്വാര ജില്ലയിലെ ബാഗിഡോര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മഹേന്ദ്രജിത്ത് മാളവ്യ. നാല് തവണ എംഎല്‍എയായ മഹേന്ദ്രജിത്ത് സംസ്ഥാനത്തെ മുന്‍ മന്ത്രി കൂടിയാണ്.
മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ അടുത്ത അനുയായി കൂടിയായിരുന്ന അദ്ദേഹം കുറച്ചുനാളായി കോണ്‍ഗ്രസില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. സോണിയാഗാന്ധി ജയ്‌പൂരില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ മഹേന്ദ്രജിത്തിന്‍റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു (Congress MLA Mahendrajeet Malviya joins BJP).
ജയ്‌പൂരിലെ ബിജെപി ഓഫീസിലെത്തിയ മാളവ്യയെ രാജസ്ഥാൻ ചുമതലയുള്ള അരുൺ സിങ്, സംസ്ഥാന ഘടകം മേധാവി സിപി ജോഷി, മറ്റ് നേതാക്കളും ചേര്‍ന്ന് പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു . ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും താൻ ഞായറാഴ്‌ച ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയെന്നും ബിജെപിയുടെ ദേശീയ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തന്നെ സ്വാധീനിച്ചെന്നും മഹേന്ദ്രജിത്ത് മാളവ്യ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടി വിസമ്മതിച്ചതിൽ തനിക്ക് വേദനയുണ്ടെന്ന് കോൺഗ്രസിനെ ലക്ഷ്യമിട്ട് മാളവ്യ പറഞ്ഞു. തികഞ്ഞ അർപ്പണബോധത്തോടെയാണ് ഞാൻ ബിജെപിയിൽ ചേരുന്നതെന്നും പാർട്ടി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ രാജസ്ഥാനിലെ ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ എന്ന നിലയില്‍ മഹേന്ദ്രജിത്തിനെ സ്വന്തം പാളയത്തില്‍ എത്തിക്കാനായത് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.