ജയ്‌പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് രാജസ്ഥാന്‍ മന്ത്രി കിരോദി ലാല്‍ മീണ രാജി വച്ചു. സംസ്ഥാനത്തെ കിഴക്കന്‍മേഖലയിലുള്ള ഏഴ് ലോക്‌സഭ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും ബിജെപിക്ക് നഷ്‌ടമായാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുമെന്ന് 72കാരനായ മീണ വ്യക്തമാക്കിയിരുന്നു.
കിഴക്കന്‍ രാജസ്ഥാനിലെ രാജസ്ഥാനിലെ ഏഴ് മണ്ഡലങ്ങളുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഏല്‍പ്പിച്ചിരുന്നതെന്നും രാജസ്ഥാന്‍ കാര്‍ഷിക-ഗ്രാമവികസന മന്ത്രി പറഞ്ഞു. താന്‍ ഈ മണ്ഡലങ്ങള്‍ക്കായി തെരഞ്ഞെടുപ്പില്‍ അക്ഷീണം പ്രവര്‍ത്തിച്ചു. ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇദ്ദേഹത്തിന്‍റെ സ്വന്തം ജന്മസ്ഥലമായ ദൗസയടക്കം ഇതില്‍ ചില സീറ്റുകള്‍ ബിജെപിക്ക് നഷ്‌ടമായി. സംസ്ഥാനത്തെ 25 സീറ്റുകളില്‍ പതിനാലെണ്ണത്തില്‍ ബിജെപി വിജയിച്ചു. 2019ല്‍ 24 സീറ്റും നേടിയ ഇടത്താണ് ഈ വന്‍ തിരിച്ചടി ഇക്കുറി ബിജെപിക്ക് നേരിട്ടത്.
പത്ത് ദിവസം മുമ്പ് തന്നെ മീണ രാജിക്കത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കി. എന്ത് വില കൊടുത്തും തന്‍റെ വാഗ്‌ദാനം പാലിക്കുമെന്ന ദൃഢ നിശ്‌ചയം രാമചരിതമാനസിലെ രഘുകുലം സ്വന്തം ജീവന്‍ തൃജിച്ചും കൊടുത്ത വാക്ക് പാലിക്കുമെന്ന പ്രശസ്‌ത വരികള്‍ ഉദ്ധരിച്ച് കൊണ്ട് എക്‌സില്‍ കുറിച്ച് കൊണ്ടാണ് തന്‍റെ രാജിക്കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.