ന്യൂഡൽഹി : പരിസ്ഥിതിയെ സംരക്ഷിക്കാൻ സംരംഭങ്ങളുമായി ഇന്ത്യൻ റെയിൽവേ. മലിനീകരണം കുറച്ചും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുമാണ് റെയില്‍വേയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. ഊര്‍ജ സംരക്ഷണത്തിനും പ്രത്യേകം പദ്ധതികള്‍ ഉണ്ട്. റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ വർഷം ഏപ്രിൽ വരെ 63,456 റൂട്ട് കിലോമീറ്റർ (ആർകെഎം) വൈദ്യുതീകരിച്ചു. ഇത് ഇന്ത്യൻ റെയിൽവേയുടെ മൊത്തം ബ്രോഡ്-ഗേജ് ശൃംഖലയുടെ 96 ശതമാനത്തിലധികം വരും.
2,637 സ്റ്റേഷനുകളിലും സർവീസ് കെട്ടിടങ്ങളിലും 177 മെഗാവാട്ട് വൈദ്യുതി ഉത്‌പാദന ശേഷിയുള്ള സോളാർ റൂഫ്-ടോപ്പ് പ്ലാന്‍റുകൾ നൽകിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. സൂപ്പർ എനർജി കൺസർവേഷൻ ബിൽഡിങ് കോഡ് (ഇസിബിസി) പാലിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും പുനർവികസനത്തിനുള്ള ഊർജ കാര്യക്ഷമത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ സൂപ്പർ ഇസിബിസി മാർഗനിർദേശങ്ങൾ കാലാവസ്ഥ പ്രതികരണശേഷിയുള്ള കെട്ടിടങ്ങളുടെ രൂപകല്‍പനയിലൂടെയും കാര്യക്ഷമമായ സാങ്കേതികവിദ്യകളിലൂടെയും ഊർജ ആവശ്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിപ്പിച്ചിരിക്കുന്നത്. പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനായി, പരിസ്ഥിതി മാനേജ്മെന്‍റ് പ്ലാനിന്‍റെ രൂപത്തിൽ റെയിൽവേ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
റെയിൽ ഗ്രീൻ പോയിന്‍റുകൾ എന്ന് വിളിക്കുന്ന കാർബൺ സേവിങ് പോയിന്‍റുകൾ നൽകാനുള്ള ആശയം അവതരിപ്പിച്ചു എന്ന് റെയില്‍വേ വ്യക്തമാക്കി. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിൽ ഉപഭോക്തൃ പങ്കാളിത്തത്തിന്‍റെ ഈ സംരംഭം പ്രചോദിപ്പിക്കും. ഭാവിയിൽ കൂടുതൽ ട്രെയിൻ യാത്രയിലേക്ക് ഇത് കൊണ്ടുപോകുമെന്നും റെയിൽവേ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഹരിത ഇടം സൃഷ്‌ടിക്കുക, അപകടകരമായ പാഴ് വസ്‌തുക്കൾ ശരിയായ രീതിയിൽ സംസ്‌കരിക്കുക, ഭൂഗർഭജല ജലസംഭരണികൾ റീചാർജ് ചെയ്യുക എന്നിവയിലൂടെ ഭൂമിയെ പ്രതികൂലമായി ബാധിക്കുന്നവ മാറ്റാൻ കഴിയുമെന്ന് മന്ത്രാലയം പറഞ്ഞു. ഇന്ത്യൻ റെയിൽവേ അതിന്‍റെ ഉത്‌പാദന പ്രക്രിയയിൽ ഊർജം കാര്യക്ഷമമാക്കുന്നതിന് പ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും റെയില്‍വേ കൂട്ടിച്ചേർത്തു.
65 മാലിന്യ സംസ്‌കരണ പ്ലാന്‍റുകൾ, 86 വാട്ടർ റീസൈക്ലിങ് പ്ലാന്‍റുകൾ, 90 മലിനജല സംസ്‌കരണ പ്ലാന്‍റുകൾ, 18 മാലിന്യത്തില്‍ നിന്ന് ഊർജം ഉത്‌പാദിപ്പിക്കുന്ന പ്ലാന്‍റുകൾ, 186 മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കുന്ന പ്ലാന്‍റുകള്‍, 32 ഖരമാലിന്യ സംസ്‌കരണ പ്ലാന്‍റുകൾ എന്നിവ റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഏകദേശം 826 പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ ക്രഷിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.
Also Read:ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ പിടിവിട്ട് വീണു ; യുവതിക്ക് ദാരുണാന്ത്യം