ന്യൂഡൽഹി : പാർലമെന്‍റിലെ 'ചക്രവ്യൂഹ' പ്രസംഗത്തിന് ശേഷം തനിക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്താൻ പദ്ധതിയിടുന്നതായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്. ഇഡിയിൽ തന്നെയുള്ളവരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയുടെ പരിശോധനക്കായി കാത്തിരിക്കുകയാണെന്നും ചായയും ബിസ്ക്കറ്റും തരാമെന്നും സമൂഹ മാധ്യമമായ എക്‌സിലൂടെ രാഹുൽ ഗാന്ധി പരിഹസിച്ചു. ഇഡിയെ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു രാഹുലിന്‍റെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2024 ലെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ മധ്യവർഗത്തെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തുകയാണ് ചെയ്‌തതെന്ന് രാഹുൽ ജൂലൈ 29 ന് ലോക്‌സഭയിൽ പറഞ്ഞിരുന്നു.
കൂടാതെ, ഭരണപക്ഷത്തെയും ആർഎസ്‌എസിനെയും അംബാനി, അദാനി ഉൾപ്പെടെയുള്ള വ്യവസായികളെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പ്രസംഗം. ഇത് വളരെയധികം ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചെറുകിട ഇടത്തരം ബിസിനസുകാരും ഇവര്‍ തീർത്ത ആധുനിക പത്മവ്യൂഹത്തിൽ പെട്ടുകിടക്കുകയാണ് എന്നായിരുന്നു രാഹുൽ ആരോപിച്ചത്.
അന്ന് രാഹുലിന്‍റെ പത്മവ്യൂഹ പരാമർശത്തിൽ സ്‌പീക്കർ ഓം ബിർള ഇടപെടുകയും ചെയ്‌തിരുന്നു. 'ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നിൽ മൂന്ന് ശക്തികളുണ്ട്. ഇതിൽ ആദ്യത്തേത് കുത്തക മൂലധനമാണ്, ഇന്ത്യൻ സമ്പത്ത് മുഴുവൻ കൈവശമാക്കാന്‍ രണ്ട് പേരെ അനുവദിക്കുന്നു. ഈ രാജ്യത്തെ സ്ഥാപനങ്ങൾ, ഏജൻസികൾ, സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് ഇവർ ഇതിനുള്ളില്‍ പ്രവർത്തിക്കുന്നു. എല്ലാവരും ചേർന്ന് രാജ്യത്തെ തകർത്തുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ALSO READ:'ഒപ്പമുണ്ട്...'; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും