ലഖ്‌നൗ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹത്രസിലെ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ഹത്രസ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അലിഗഡിലെ പിലാഘ്ന ഗ്രാമത്തിലായിരുന്നു രാഹുല്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. പിന്നീട് വിഭവ് നഗറിലേക്ക് പോയി. ദുരന്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായിരുന്നു രാഹുല്‍ വിഭവ് നഗറിലെത്തിയത്. എല്ലാ സഹായവും രാഹുല്‍ വാഗ്‌ദാനം ചെയ്‌തതായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് രാഹുല്‍ ഹത്രസിലേക്ക് പോയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായി, സംസ്ഥാന ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനാഥ് എന്നിവരും രാഹുലിനെ അനുഗമിച്ചു. ഹത്രസില്‍ തിക്കിലും തിരക്കിലും പെട്ട് 121 ജീവനുകളാണ് നഷ്‌ടമായത്.
ദുരന്തത്തിന് ഉത്തരവാദികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിന്‍റെ പരാജയമാണ് ഈ ദുരന്തമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആദിത്യനാഥ് ഹത്രസ് സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകും സ്ഥലത്തെത്തി. ഇവര്‍ ഒന്നിച്ചല്ല സ്ഥലം സന്ദര്‍ശിച്ചത് എന്നത് തന്നെ സര്‍ക്കാരിന്‍റെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളാണ് കാണിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് 25 ലക്ഷം രൂപ നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ വിരമിച്ച ജഡ്‌ജിയല്ല സിറ്റിങ് ജഡ്‌ജി തന്നെ സംഭവം അന്വേഷിക്കണമെന്ന് അജയ് റായ് ആവശ്യപ്പെട്ടു. ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന സാധ്യതകളും പരിശോധിക്കുന്നുണ്ട്.