തിരുവനന്തപുരം: ലോകപ്രശസ്‌തമായ വിനോദ കലാരൂപങ്ങളിൽ ഒന്നാണ് വെൻഡ്രിലോക്കിസം (ventriloquism). ചില പ്രത്യേക വിഷയത്തെപ്പറ്റി ഒരു മനുഷ്യനും പാവയും തമ്മിലുള്ള രസകരമായ സംഭാഷണമാണിത്. പാവയ്ക്കു വേണ്ടിയും മനുഷ്യന് വേണ്ടിയും സംസാരിക്കുന്നത് ഒരാൾ തന്നെയായിരിക്കും.
പാവ അല്ലെങ്കിൽ നിർജീവമായ ഏതെങ്കിലും ഒരു വസ്‌തു ആയിരിക്കും കലാകാരനോടൊപ്പം സംവദിക്കുക. 63-ാമത് സംസ്ഥാന കലോത്സവ വേദിയിലെ ആദ്യ ആകർഷണമാണ് ഈ കലാരൂപം. സംസ്ഥാന ശുചിത്വമിഷന്‍റെ ഭാഗമായി കുട്ടികളെ സാമൂഹിക ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വെൻഡ്രിലോക്കിസം എന്ന കലാരൂപം അവതരിപ്പിച്ചുകൊണ്ട് എറണാകുളം സ്വദേശിയായ വിനോദ് നരനാട്ട് എത്തിച്ചേർന്നിരിക്കുന്നത്.
വിനോദിന്‍റെ ഒപ്പമുള്ള പാവക്കുട്ടിയുടെ പേര് കിറ്റി എന്നാണ്. കിറ്റിയും വിനോദും സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ കുട്ടികൾ ചോദ്യങ്ങളുമായി ഇവർക്കൊപ്പം കൂടുകയുണ്ടായി. സിംഹത്തെ കണ്ടിട്ടുണ്ടോ, ശൂന്യാകാശത്തേക്ക് പോയിട്ടുണ്ടോ എന്നിങ്ങനെയുള്ള രസകരമായ ചോദ്യങ്ങൾ കുട്ടികൾ കിറ്റിക്ക് നേരെ എയ്‌തു വിട്ടു.
ഏത് ചോദ്യത്തിനും കിറ്റിക്ക് ഉത്തരം ഉണ്ട്. 72ലധികം വിഷയങ്ങളെപ്പറ്റി വിനോദും കിറ്റിയും സംസാരിക്കും. വെൻഡ്രിലോക്കിസം എന്ന കലാരൂപത്തെ ഒരു ഇന്ത്യൻ സിനിമയിൽ ആദ്യമായി അവതരിപ്പിക്കുന്നത് 1977ൽ പുറത്തിറങ്ങിയ അവർകൾ എന്ന ചിത്രത്തിലൂടെയാണ്. കെ ബാലചന്ദ്രർ സംവിധാനം ചെയ്‌ത ചിത്രത്തിൽ വെൻഡ്രിലോക്കിസം കലാകാരനായ പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ കമൽഹാസൻ.
വെൻഡ്രിലോക്കിസം യഥാർത്ഥത്തിൽ ഒരു ഇന്ത്യൻ കലാരൂപമാണ്. ഗരുഡ വാദം എന്നാണ് യഥാർത്ഥ നാമധേയം. 30 വർഷത്തിലധികമായി വെൻഡ്രിലോക്കിസം കലാരൂപവുമായി ഇന്ത്യയ്ക്ക് അകത്തും പുറത്തും സഞ്ചരിക്കുകയാണ് വിനോദ്. 1987 ലാണ് യഥാർത്ഥത്തിൽ ഈ മേഖലയിലേക്ക് വിനോദ് കടക്കുന്നത്. മജീഷ്യൻ ആയിട്ടായിരുന്നു കരിയറിലെ തുടക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെൻഡ്രിലോക്കിസം അവതരണത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന് എച്ച്ഐവി എയ്‌ഡ്‌സിനെതിരെ പോരാടുകയും സംസാരിക്കുകയും ചെയ്‌തതാണെന്ന് വിനോദ് പറയുകയുണ്ടായി. എല്ലാ വർഷവും എല്ലാ കലോത്സവവേദികളിലും കിറ്റിയുമായി പങ്കെടുക്കാറുണ്ടെന്നും വിനോദ് വ്യക്തമാക്കി.