ന്യൂഡല്‍ഹി:വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടാം വിജയം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. വലിയ റോഡ് ഷോ നടത്തിയ ശേഷമാകും രാഹുല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക. സഹോദരി പ്രിയങ്കയും അദ്ദേഹത്തോടൊപ്പമുണ്ടാകും.
നാളെ വയനാട്ടില്‍ നടക്കുന്ന ഈ കൂറ്റന്‍ റാലിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. റാലിയോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ചലനമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.
ഇക്കുറി കേരളത്തിലെ മുഴുവന്‍ സീറ്റുകളും തങ്ങള്‍ സ്വന്തമാക്കുമെന്നാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വിശ്വനാഥന്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചത്. 2019 ല്‍ കേരളത്തിലെ 20 സീറ്റുകളില്‍ 19ഉം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സ്വന്തമാക്കിയിരുന്നു. ഈ മാസം 26നാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്.
വയനാട്ടിലും കേരളത്തിലും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ നല്‍കിയ സംഭാവനകള്‍ നിസ്‌തുലമാണെന്ന് വിശ്വനാഥന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമുള്ളിടത്തെല്ലാം രാഹുല്‍ ഓടിയെത്തി. അതുകൊണ്ട് തന്നെ അവര്‍ രാഹുലിനെ പിന്തുണയ്ക്കും. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതിനിടയിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാളെ റാലിയില്‍ പങ്കെടുക്കാന്‍ വന്‍തോതില്‍ ജനങ്ങള്‍ ഒഴുകിയെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാഹുല്‍ വയനാട്ടില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നത് തെക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയോടാണ് പോരാടുന്നത്. എന്നാല്‍ ഇരുസംഘവും ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ജനങ്ങള്‍ അക്കാര്യം വളരെ ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് ഇക്കാര്യം അറിവുള്ളതാണ്. പതിറ്റാണ്ടുകളായി എല്‍ഡിഎഫും യുഡിഎഫും പരസ്‌പരം മത്സരിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന്‍റെയും സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരിന്‍റെയും വീഴ്‌ചകള്‍ നമ്മള്‍ ചര്‍ച്ച ചെയ്യും. കേരളത്തിന് പുറമെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും തെലങ്കാനയിലും നേട്ടം കൊയ്യാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് ഇപ്പോള്‍ അധികാരം കയ്യാളുന്നത്. തമിഴ്‌നാട്ടില്‍ ഭരണസഖ്യത്തിന്‍റെ ഭാഗമാണ് കോണ്‍ഗ്രസ്.
തെലങ്കാനയിലെ പതിനേഴില്‍ പതിനഞ്ചും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വര്‍ഷം സംസ്ഥാനം ഭരിച്ച ബിആര്‍എസ് ദുര്‍ബലമായിരിക്കുന്നു. മിക്ക നേതാക്കളും കഴിഞ്ഞ കുറേ മാസങ്ങളായി ഞങ്ങളോടൊപ്പം ചേരുകയാണ്. ബിജെപിക്ക് ഇവിടെ നാല് എംപിമാരുണ്ട്. എന്നാല്‍ ഇത്തവണ അവര്‍ക്ക് വലിയ നേട്ടമുണ്ടാക്കാനാകില്ലെന്നും തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി രോഹിത് ചൗധരി ഇടിവി ഭാരതിനോട് പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ഓരോ ലോക്‌സഭാ മണ്ഡലങ്ങളുടെയും ചുമതല നല്‍കിയിട്ടുണ്ട്.
Also Read:'കർഷകർക്ക് സൗജന്യ വൈദ്യുതി, വിദ്യാർഥികൾക്ക് സൗജന്യ ഇന്‍റർനെറ്റ്': തെലങ്കാനയില്‍ വമ്പൻ വാഗ്‌ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക
കര്‍ണാടകയിലെ 28 ലോക്‌സഭ സീറ്റുകളില്‍ 20 എണ്ണം ഉറപ്പായും കോണ്‍ഗ്രസ് സ്വന്തമാക്കുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ ഹൈക്കമാന്‍ഡിന് ഉറപ്പ് നല്‍കിയിട്ടുള്ളത്. ശിവകുമാറിന്‍റെ അസാധാരണ സംഘാടക മികവില്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയില്‍ മുന്നേറുകയാണ്. സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ ഉറപ്പ് ചെയ്‌ത തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കിയിട്ടുണ്ട്. ഇതിന് പുറമെ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്ത് ഇറക്കിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റുകളും നേടാനാകുമെന്നാണ് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്‍റെ കണക്കുകൂട്ടല്‍. 2019 ല്‍ 39 സീറ്റുകളില്‍ 38 ഉം കരസ്ഥമാക്കിയിരുന്നു.