ന്യൂഡല്‍ഹി: റായ്‌ബറേലി ലോക്‌സഭ സീറ്റില്‍ തുടരുമെന്നും വയനാട് ഒഴിയുമെന്നും അറിയിച്ച് ലോക്‌സഭ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്നാണ് (ജൂണ്‍ 18) ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധി സ്‌പീക്കര്‍ക്ക് കത്ത് നല്‍കിയത്. അതേസമയം വയനാട്ടില്‍ നിന്ന് പ്രിയങ്കഗാന്ധി ജനവിധി തേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
പ്രിയങ്കയും തെരഞ്ഞെടുക്കപ്പെട്ടാല്‍ നെഹ്റു കുടുംബത്തില്‍ നിന്ന് ഒരേസമയം മൂന്ന് പേര്‍ പാര്‍ലമെന്‍റില്‍ എത്തും. സോണിയ രാജ്യസഭയിലും മക്കളായ രാഹുലും പ്രിയങ്കയും ലോക്‌സഭയിലും. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധിയും അറിയിച്ചു. എന്നാല്‍ പതിറ്റാണ്ടുകളായുള്ള തന്‍റെ അമേഠി, റായ്‌ബറേലി ബന്ധം തുടരുമെന്നും പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്.
വയനാടിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. രാഹുലിന്‍റെ അസാന്നിധ്യം വയനാടന്‍ ജനതയെ താന്‍ അറിയിക്കില്ല. മികച്ചൊരു പ്രതിനിധിയാകാനും എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കാനും താന്‍ കഠിന പ്രവര്‍ത്തനം കാഴ്‌ച വയ്ക്കുമെന്നും പ്രിയങ്ക പറഞ്ഞു.