ന്യൂഡൽഹി : കർഷക നേതാക്കളുടെ പ്രതിനിധി സംഘവുമായി പാര്‍ലമെന്‍റില്‍ കൂടിക്കാഴ്‌ചക്കൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് (24-07-2024) രാവിലെ 11ന് ആണ് പാർലമെന്‍റില്‍ യോഗം. കർഷകരുടെ ദീർഘകാല ആവശ്യങ്ങൾ നിറവേറ്റാനായി സ്വകാര്യ ബിൽ കൊണ്ടുവരാൻ കർഷക നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുമെന്ന് വൃത്തങ്ങൾ അറിയിക്കുന്നു.
അതിനിടെ, എംഎസ്‌പി ഗ്യാരണ്ടി നിയമവിധേയമാക്കണമെന്ന ആവശ്യവുമായി സംയുക്ത കിസാൻ മോർച്ചയും (നോണ്‍പൊളിറ്റിക്കല്‍) കിസാൻ മസ്‌ദൂർ മോർച്ച നേതാക്കളും തിങ്കളാഴ്‌ച രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മോദി സർക്കാരിന്‍റെ കോലം കത്തിക്കുകയും പ്രതിപക്ഷത്തിന്‍റെ സ്വകാര്യ ബില്ലുകളെ പിന്തുണച്ച് ലോങ് മാർച്ച് നടത്തുകയും ചെയ്യുമെന്ന് കര്‍ഷകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്‌ടർ റാലി നടത്തുമെന്നും കര്‍ഷകര്‍ അറിയിച്ചു. പുതിയ ക്രിമിനൽ നിയമങ്ങളുടെ പകർപ്പുകള്‍ കത്തിച്ചും കര്‍ഷകര്‍ പ്രതിഷേധിക്കും. ഓഗസ്റ്റ് 31-ന് കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് 200 ദിവസം തികയുമെന്ന് കര്‍ഷക നേതാക്കള്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സെപ്റ്റംബർ ഒന്നിന് ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ സംയുക്ത് കിസാൻ മോർച്ചയും (നോണ്‍പൊളിറ്റിക്കല്‍) കിസാൻ മസ്‌ദൂർ മോർച്ചയും (കെഎംഎം) മെഗാ റാലി സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. സെപ്റ്റംബർ 15 ന് ഹരിയാനയിലെ ജിന്ദ് ജില്ലയിലും സെപ്റ്റംബർ 22-ന് പിപ്ലിയിലും റാലി നടക്കും.
Also Read :കോണ്‍ഗ്രസ് പ്രകടന പത്രിക 'കോപ്പിയടിച്ച്' ബജറ്റ്; ജനപ്രിയമല്ല, അദാനി-അംബാനിമാരെ പ്രീതിപ്പെടുത്തുന്നത്: വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ - BUDGET RESPONSE OF OPPOSITION