കേരളം

kerala

ETV Bharat / bharat

എല്ലാവര്‍ക്കും നീതി ; അഞ്ചിന 'ന്യായ്' പദ്ധതി അവതരിപ്പിച്ച് രാഹുൽ ഗാന്ധി - ASSAM Bharat Jodo Nyay Yatra

യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ എന്നിവർക്ക് അർഹമായ നീതി ഉറപ്പാക്കാൻ അഞ്ചിന ന്യായ്‌’ പദ്ധതി അവതരിപ്പിച്ച് രാഹുൽ ഗാന്ധി

Rahul Gandhi  Paanch Nyay  Bharat Jodo Nyay Yatra  ASAM Bharat Jodo Nyay Yatra  Rahul Gandhi In Guwahati  അഞ്ചിന ന്യായ പദ്ധതി  രാഹുൽ ഗാന്ധി  ഭാരത് ജോഡോ ന്യായ് യാത്ര
Rahul Gandhi

By ETV Bharat Kerala Team

Published : Jan 24, 2024, 12:22 PM IST

Updated : Jan 24, 2024, 12:57 PM IST

ഗുവാഹത്തി : ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ‘അഞ്ചിന ന്യായ്‌’ പദ്ധതി അവതരിപ്പിച്ച് രാഹുൽ ഗാന്ധി (Rahul Gandhi Spells Out 'Paanch Nyay'). ചൊവ്വാഴ്‌ച ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പുരോഗമിക്കവേ ഗുവാഹത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. യുവാക്കൾക്ക് നീതി, സ്ത്രീകൾക്ക് നീതി, കർഷകർക്ക് നീതി, തൊഴിലാളികൾക്ക് നീതി, പങ്കാളിത്തത്തിനുള്ള നീതി എന്നിവയാണ് അഞ്ചിന പദ്ധതി. അതായത് എല്ലാ മനുഷ്യര്‍ക്കും തുല്യനീതി ഉറപ്പാക്കുകയും എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

തന്‍റെ ദൗത്യത്തിലും ലക്ഷ്യത്തിലും ഉറച്ചുനിൽക്കുമെന്നും ഒരിക്കലും ഭയപ്പെടുകയില്ലെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അസമിലെ ന്യായ് യാത്രയ്ക്കിടെ ഉണ്ടായ ആക്രമണങ്ങൾ തന്നെ ഭയപ്പെടുത്തുകയോ അസ്വസ്ഥതയുണ്ടാക്കുകയോ ചെയ്‌തിട്ടില്ല. പകരം സന്തോഷമാണ് തോന്നിയത്. കാരണം സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രമാക്കാന്‍ അതിലൂടെ സാധിച്ചു. അസമിൽ നേരിട്ട പ്രയാസങ്ങളെയും തടസങ്ങളെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അസം മുഖ്യമന്ത്രിയുടെ ഭീഷണിയൊക്കെ ഞങ്ങൾക്ക് നല്ലതാണ്. കഴിഞ്ഞ വർഷം നടന്ന ഭാരത് ജോഡോ യാത്രയെ ബിജെപി നേരത്തേ തന്നെ തള്ളി പറഞ്ഞിരുന്നുവെങ്കിലും അതിന്‍റെ വിജയത്തിൽ അവര്‍ ഞെട്ടിയിരുന്നു. അതുകൊണ്ടാണ് ന്യായ് യാത്രയുടെ തുടക്കത്തിലേ തടസങ്ങൾ സൃഷ്‌ടിക്കാൻ അവർ ശ്രമിക്കുന്നത്. എന്ത് തന്നെ വന്നാലും തന്നെ പിന്തിരിപ്പിക്കാനും ഭയപ്പെടുത്താനും സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ബിജെപി പ്രവർത്തകർക്ക് രാഹുൽ ഗാന്ധി ഫ്ലൈയിങ് കിസ് നൽകിയിരുന്നു. അസമിലെ യാത്രയ്ക്കിടെ സോനിത്പൂർ ജില്ലയിലെ ജമുഗുരിഹാട്ടിലായിരുന്നു സംഭവം. ജയ് ശ്രീറാം, മോദി മോദി മുദ്രാവാക്യങ്ങളുമായി ഏതാനും പ്രവർത്തകർ ബസിന് മുന്നിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പ്രതിഷേധം കണ്ട രാഹുൽ തൻ്റെ വാഹനം നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി പ്രതിഷേധക്കാരോട് സംസാരിക്കാൻ ശ്രമിക്കുകയുമായിരുന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന സാഹചര്യം വന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് രാഹുലിനെ തിരികെ വാഹനത്തിലേക്ക് കയറ്റിയത്. പ്രവ‍ർത്തകർക്ക് ഫ്ലൈയിങ് കിസ് നൽകിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി അവിടെനിന്ന് മുന്നോട്ട് നീങ്ങിയത്.

സംഭവത്തിന് ശേഷം തങ്ങളുടെ സ്നേഹത്തിൻ്റെ കട എല്ലാവർക്കുമായി തുറന്നിരിക്കുകയാണെന്ന് രാഹുൽ തൻ്റെ എക്‌സിൽ കുറിച്ചു. സംഭവത്തിൻ്റെ വീഡിയോയും അദ്ദേഹം പോസ്‌റ്റിനൊപ്പം ചേർത്തു. പിന്നാലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയേയോ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുൽ തുറന്നടിച്ചു.

"ഏതാണ്ട് 2-3 കിലോമീറ്റർ മുൻപ്, ഏകദേശം 20-25 ബിജെപി പ്രവർത്തകർ വടിയുമായി ഞങ്ങളുടെ ബസിന് മുന്നിൽ വന്നിരുന്നു, ഞാൻ ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവർ ഓടിപ്പോയി. അവർ കരുതുന്നത് ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കോൺഗ്രസിന് ഭയമാണ് എന്നാണ്. എന്തൊരു സ്വപ്‌നമാണ് അവർ കാണുന്നത്, അവർക്ക് എത്ര പോസ്‌റ്ററുകളും പ്ലക്കാർഡുകളും കീറാൻ കഴിയും?. ഞങ്ങൾ ഇതൊന്നും കാര്യമാക്കുന്നില്ല, ഇതിലൊന്നും വിഷമിക്കുന്നില്ല, ആരെയും ഭയപ്പെടുന്നില്ല. നരേന്ദ്ര മോദിയായാലും ഇവിടെയുള്ള മുഖ്യമന്ത്രിയായാലും ഞങ്ങൾക്ക് ഭയമില്ല" - രാഹുൽ പറഞ്ഞു.

Last Updated : Jan 24, 2024, 12:57 PM IST

ABOUT THE AUTHOR

...view details