ചെന്നൈ:പെരിയാറിന്‍റെ സാമൂഹിക നീതിയും സമത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസും തമ്മിലുള്ള ആശയപരമായ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. തമിഴ്‌നാടിനെ കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുനെൽവേലിയിൽ പൊതു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇന്ത്യയിൽ പ്രത്യയശാസ്‌ത്ര പോരാട്ടമാണ് നടക്കുന്നതെന്നും ഒരു വശത്ത് പെരിയാറുടെ സാമൂഹ്യനീതി, സ്വാതന്ത്ര്യം, സമത്വം എന്നീ ആശയങ്ങളും മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസും അവരുടെ ആശയങ്ങളുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്‌നാടിനെ അവഗണിക്കുന്ന നിലപാടാണ് ആര്‍എസ്എസിനും നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്‍റെ സര്‍ക്കാരിനുമുള്ളത്. തമിഴ് എന്നത് ഒരു കുറവല്ല, ഇന്ത്യയിൽ വ്യത്യസ്‌തമായ നിരവധി ഭാഷകളുും സംസ്‌കാരങ്ങളും ഉണ്ട്.
അവയെല്ലാം തുല്ല്യമാണ്. അല്ലാതെ മോദി സർക്കാർ കരുതുന്നത് പോലെ ഒരു രാജ്യം, ഒരു നേതാവ്, ഒരു ഭാഷ എന്നല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, സിബിഐ, ഐടി എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയ വൈരാഗ്യം തീർക്കുന്നതിനായുള്ള ആയുധങ്ങളായാണ് മോദി സർക്കാർ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.