ന്യൂഡൽഹി :ഇന്ത്യയുടെമുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മവാർഷികത്തിൽ മകൻ രാഹുൽ ഗാന്ധി വീർ ഭൂമിയിലെത്തി പുഷ്‌പാർച്ചന നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. രാജീവ് ഗാന്ധി ഇന്ത്യയുടെ മഹാനായ പുത്രനായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ എക്‌സിൽ കുറിച്ചു.
അദ്ദേഹം കോടിക്കണക്കിന് ഇന്ത്യക്കാരിൽ പ്രതീക്ഷയുടെ കിരണങ്ങൾ ജ്വലിപ്പിച്ചു, തന്‍റെ അഭൂതപൂർവമായ സംഭാവനയിലൂടെയാണ് അദ്ദേഹം ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവന്നത്. വോട്ടിങ് പ്രായം 18 ആക്കി കുറയ്ക്കുക, പഞ്ചായത്തിരാജ് ശക്തിപ്പെടുത്തൽ, ടെലികോം, ഐടി വിപ്ലവം, കമ്പ്യൂട്ടർവൽക്കരണ പരിപാടികൾ, തുടർ സമാധാന ഉടമ്പടികൾ, സ്‌ത്രീശാക്തീകരണം, സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി, വിദ്യാഭ്യാസ സഹായം തുടങ്ങിയ പരിവർത്തനപരമായ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
ആധുനികതയ്ക്കും സാങ്കേതികവിദ്യയ്ക്കും യുവാക്കളുടെ ശാക്തീകരണത്തിനും വേണ്ടിയാണ് രാജീവ് ഗാന്ധി പോരാടിയതെന്ന് കോൺഗ്രസ് പാര്‍ട്ടി തങ്ങളുടെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഐക്യത്തിനും മതേതരത്വത്തിനും പുരോഗമന ഇന്ത്യയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും ഈ പോസ്റ്റില്‍ പറയുന്നുണ്ട്.