ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി തന്‍റെ 54ാം പിറന്നാളിനോട് അനുബന്ധിച്ച് ബുധനാഴ്‌ചയാണ് (ജൂണ്‍ 19) വൈറ്റ് ടീ ഷര്‍ട്ട് കാമ്പയ്‌ന്‍ അഥവ വെള്ള ടീഷര്‍ട്ട് പ്രചാരണത്തിന് തുടക്കമിട്ടത്. വെള്ള നിറം സുതാര്യതയെയും ഐക്യത്തെയും ലാളിത്യത്തെയുമാണ് തുറന്ന് കാട്ടുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. നീറ്റ്-നെറ്റ് വിവാദത്തോട് അനുബന്ധിച്ചാണ് തന്നെ പിന്തുണയ്ക്കുന്നവര്‍ വെള്ള ടീ ഷര്‍ട്ട് ധരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തത്.
രാഹുല്‍ സാധാരണയായി വെള്ള ടീ ഷര്‍ട്ടിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തരം മൂല്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രമാത്രം ഉപയുക്തമായി എന്നത് ഒരു വീഡിയോയില്‍ നിങ്ങള്‍ എന്നോട് പറയൂ. നിങ്ങള്‍ക്ക് ഞാനൊരു വെള്ള ടീ ഷര്‍ട്ട് സമ്മാനിക്കാം എന്നും ജന്മദിന സന്ദേശത്തിന് നന്ദി പറഞ്ഞു കൊണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ രാഹുല്‍ പറയുന്നു. 'വൈറ്റ് ടീ ഷര്‍ട്ട് ആര്‍മി' എന്ന ഹാഷ് ടാഗില്‍ വീഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് രാഹുലിന്‍റെ നിര്‍ദേശം. ആര്‍ജി എന്ന ഒപ്പോട് കൂടിയാകും ടീ ഷര്‍ട്ട് നല്‍കുക.
- വെള്ള ടീ ഷര്‍ട്ട് പ്രചാരണത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
ഈ പ്രചാരണത്തിന് പിന്നില്‍ ബൃഹത്തായ ലക്ഷ്യങ്ങളാണ് രാഹുലിനുള്ളത്. യുവാക്കളെ തൊഴിലില്ലായ്‌മയ്ക്കും വിലക്കയറ്റത്തിനും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ അണിനിരത്തുക എന്നതാണ് അവയില്‍ പ്രധാനം. രാഹുലിന്‍റെ രണ്ട് ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിന് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനായി. ഇതിന്‍റെ തുടര്‍ച്ചയായാണ് രാഹുലിന്‍റെ ഇപ്പോഴത്തെ വെള്ള ടീഷര്‍ട്ട് പ്രചാരണത്തെയും വിലയിരുത്തുന്നത്. ബിജെപിയുടെ കാവി പ്രചാരണത്തെ അവസാനിപ്പിക്കാനുള്ള പ്രചാരണമായും ഇതിനെ വിലയിരുത്തുന്നു.
കഴിഞ്ഞ കൊല്ലം തന്നെ ഇത്തരമൊരു പ്രചാരണ പരിപാടിയെക്കുറിച്ച് രാഹുല്‍ ആലോചിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് ഇതിനുള്ള ശരിയായ സമയമെന്ന് പിന്നീട് അദ്ദേഹത്തിന് മനസിലാക്കി. ഇതിനൊപ്പം നീറ്റ്/നെറ്റ് പ്രതിഷേധം കൂടി ഉടലെടുത്തതോടെ പ്രചാരണം ആരംഭിക്കാനുള്ള ശരിയായ സമയം വന്നണഞ്ഞതായ് റായ്‌ബറേലി എംപിക്ക് മനസിലായി.