ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം ഭരിക്കുന്നത് ഒരു സർക്കാരല്ല ഒരു ക്രിമിനൽ സംഘമാണെന്നും രാഹുൽ ഗാന്ധി എക്‌സില്‍ കുറിച്ചു. 'നരേന്ദ്ര മോദി ജനാധിപത്യത്തെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഇഷ്‌ടമുള്ള സർക്കാരിനെ തzരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കുള്ള ഓപ്ഷൻ എടുത്തുകളയാനാണ് ആഗ്രഹിക്കുന്നത്. ഒരു വശത്ത് ബിജെപി 'ചന്ദേ കാ ദണ്ഡ'യുമായി രാജ്യത്ത് 'കൊള്ളയടിക്കുന്ന സർക്കാര്‍' നടത്തുന്നു. മറുവശത്ത് പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചും മുഖ്യമന്ത്രിമാരെ ജയിലിലടച്ചും എല്ലാ സ്വതന്ത്ര ശബ്‌ദങ്ങളെ അടിച്ചമർത്തിയും തെരഞ്ഞെടുപ്പിൽ ന്യായമായ രീതിയിൽ മത്സരിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാതിരിക്കുന്നു.
ബിജെപിക്കൊപ്പം അല്ലാത്തവൻ -അവനെ ജയിലിലടക്കുക, ബിജെപിക്ക് സംഭാവന നൽകുന്നവൻ - അവനെ ജാമ്യത്തിൽ വിടുക. പ്രധാന പ്രതിപക്ഷ പാർട്ടി -നോട്ടീസ് അയക്കുക. ഇലക്‌ടറൽ ബോണ്ടുകൾക്ക് -ബ്ലാക്ക് മെയിൽ. രാജ്യം ഭരിക്കുന്നത് ഒരു സർക്കാരല്ല, ഒരു ക്രിമിനൽ സംഘമാണ്. ഈ നുണയനായ, അഹങ്കാരവും അഴിമതിയും നിറഞ്ഞ സർക്കാരിനെക്കുറിച്ച് സത്യം പറയാൻ ഞായറാഴ്‌ച ഇന്ത്യാ ബ്ലോക്ക് ഡൽഹിയിൽ ഒരു വലിയ മീറ്റിങ്ങ് നടത്താൻ പോവുകയാണ്.