ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ ജില്ല മജിസ്‌ട്രേറ്റിന്‍റെ ഓഫീസിൽ പത്രിക സമര്‍പ്പിക്കാനെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാജുൻ ഖാർഗെ, റോബർട്ട് വാദ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനായ കിഷോരി ലാൽ ശർമ്മയാണ് അമേഠി ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഇന്ന് ഇരുവരും പത്രിക സമര്‍പ്പിച്ചു. രണ്ട് സീറ്റുകളിലേക്കും മെയ് 20ന് ആണ് വോട്ടെടുപ്പ് നടക്കുക. റായ്ബറേലിയിൽ ദിനേഷ് പ്രതാപ് സിങ് ആണ് ബിജെപി സ്ഥാനാർഥി.
2019 ലെ തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായിരുന്നു അമേഠിയും റായ്ബറേലിയും. രാജ്യസഭാംഗമായ സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു റായ്ബറേലി. 1951 മുതൽ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലൊഴികെ കോൺഗ്രസാണ് ഇവിടെ വിജയിച്ചത്. സോണിയ ഗാന്ധിക്ക് മുമ്പ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൂന്ന് തവണ റായ്ബറേലിയിൽ നിന്ന് വിജയിച്ചിരുന്നു.